തെരുവോരങ്ങളില്‍ അനാഥനായി കഴിഞ്ഞിരുന്ന ഷണ്മുഖനു ഇനി സുരക്ഷിതമായി കഴിയാം
ഇരിങ്ങാലക്കുട: ഷണ്മുഖനു ജീവിതകാലം മുഴുവന്‍ സുരക്ഷിതമായി കഴിയാന്‍ സൗകര്യമൊരുങ്ങി. സ്വന്തമായി വീടില്ലാതെ തെരുവോരങ്ങളില്‍ കഴിഞ്ഞിരുന്ന പടിയൂര്‍ സ്വദേശിയായ ഷണ്മുഖനാണ് പടിയൂര്‍ പഞ്ചായത്ത് പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസറായ പണ്ടുസിന്ധുവിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്ന് താമസത്തിനു സൗകര്യമൊരുക്കിയത്. തിരുവില്വാമല ഇമ്മാനുവല്‍ സെറിയാറ്റിക് സെന്ററിലാണിത്. മേയ് 28 നാണ് പടിയൂര്‍ പഞ്ചായത്തിലെ പാറപ്പുറത്ത് ഷണ്മുഖന് (70) എന്ന വയോധികനെ പടിയൂര്‍ റെസ്ക്യു ടീമിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
വൈക്കം അമ്പലത്തിന്റെ പണിതീരാത്ത ഹാളില്‍ എണീറ്റുനില്ക്കാന് പോലും കഴിയാത്തത്ര അവശനിലയില്‍ തെരുവുനായ്ക്കള്ക്കിടയിലായിരുന്നു ഷണ്മുഖന് കിടന്നിരുന്നത്. പലരെയും ബന്ധപ്പെട്ടങ്കിലും പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത ആളുകളെ ആരും ഏറ്റെടുക്കാന്‍ തയാറായിരുന്നില്ല. തുടര്‍ന്നാണ് പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസറായ പണ്ടുസിന്ധു വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫീസറുമായി സിന്ധു ബന്ധപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവില്വാമല സെന്ററിലേക്കു മാറ്റാന്‍ അവര്‍ ആവശ്യപ്പെട്ട പ്രകാരം ഷണ്മുഖനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അയച്ചുകൊടുത്ത് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസം ഉച്ചയോടെ പുതുക്കാട് ഗവ. ആശുപത്രിയില്‍ നിന്നും ഷണ്മുഖനെ തിരുവില്വാമലയിലെ സെന്ററില്‍ എത്തിച്ചു. പണ്ടുസിന്ധു, സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് കൗണ്‍സിലര്‍ മാല രമണന്, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.വി. വിപിന്‍, റെസ്ക്യു ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. പ്രാഥമിക കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്തവരെ ഏറ്റെടുക്കാന്‍ ഒരു സ്ഥാപനവും തയാറാവാത്തത് വളരെ ദയനീയമായ സ്ഥിതിയാണെന്നും അത് പരിഹരിക്കപ്പെടണമെന്നും പണ്ടു സിന്ധു പറഞ്ഞു.