ഏകനായ ഏന്ലിന് ഇനി ഒറ്റക്കല്ല, പിന്തുണയുമായി ജനപ്രതിനിധികളും അധ്യാപകരും പൊതു പ്രവര്‍ത്തകരും
ഇരിങ്ങാലക്കുട: ഏന്ലിന് ഇനി ഒറ്റക്കല്ല, പൊതു സമൂഹം കൂടയുണ്ട്. സ്വാന്തന വാക്കുകളുമായി ജനപ്രതിനിധികളും അധ്യാപകരും പൊതു പ്രവര്‍ത്തകരും. കോവിഡ് ബാധിച്ച് മാതാപിതാക്കളെയും അപ്പൂപ്പനെയും അമ്മൂമ്മയെയും നഷ്ടപ്പെട്ട പതിനാറുക്കാരനായ എന്ലിന്റെ അടുത്ത് ജനപ്രതിനിധികള്‍ എത്തിയപ്പോള്‍ എന്ലിന്റെ കണ്ണുകള്‍ നിറഞ്ഞു. ഒരു മാസത്തിനിടെയാണ് ഈ കുടുംബത്തിലെ നാല്പേര് കോവിഡ് ബാധിച്ച് മരിച്ചത്. വേളൂക്കര പഞ്ചായത്തില്‍ വെളയനാട് തട്ടില്‍ ജോണ്‍സന്റെയും ബിന്ദുവിന്റെയും മകനാണ് ഏന്ലിന്. മെയ് മാസം ആറിനു അപ്പൂപ്പന് തട്ടില്‍ റപ്പായിയും 13 നു അമ്മൂമ്മ വേറൊനിക്കയും 18 നു അമ്മ ബിന്ദുവും 29 നു അച്ഛന് ജോണ്‍സണും മരിച്ചു. ഏന്ലിന് ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയാണ്. ഏന്ലിനു കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ കമ്മിറ്റി നല്കിയ ടാബ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ കൈമാറി. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി ടി.വി. മദനമോഹനന്‍, കമ്മിറ്റി അംഗം സി.കെ. ബേബി, ജില്ലാ ജോയിന്റ് സെക്രട്ടറി ബി. സജീവ്, വൈസ് പ്രസിഡന്റ് ടി.എന്‍. അജയകുമാര്‍, ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.എസ്. സജീവന്, ഇരിങ്ങാലക്കുട ഉപജില്ല സെക്രട്ടറി മിനി കെ. വേലായുധന്, ആര്.കെ. സുരേഷ്, എം.എസ്. സജിത്ത്, വി.ബി. ഹൃതിക് എന്നിവരും പങ്കെടുത്തു. കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രഫ. ആര്. ബിന്ദു ഏന്ലിനെ സന്ദര്‍ശിക്കുകയും സര്‍ക്കാരിന്റെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ജില്ലയില്‍ നാല് കുട്ടികള്‍ക്കാണ് കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ടത്.