മരണമുഖത്ത് നിന്ന് കടല്‍ കടന്ന് രക്ഷപ്പെട്ട ബെക്സ് കൃഷ്ണന് ഇനി കുടുംബത്തിന്റെ സ്നേഹ തണലില്‍
ഇരിങ്ങാലക്കുട: ജീവിതത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതത്വത്തിനു പൂര്‍ണ വിരാമമിട്ടുകൊണ്ട് വ്യവസായി എം.എ. യൂസഫലിയുടെ നിര്‍ണായക ഇടപെടല്‍ മൂലം ജയില്‍ മോചിതനായ തൃശൂര്‍ നടവരമ്പ് സ്വദേശി ബെക്സ് കൃഷ്ണന് (45) നാട്ടില്‍ തിരിച്ചെത്തി. ചൊവ്വാഴ്ച രാത്രി 8.20 നു അബുദാബിയില്‍ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലര്‍ച്ചെ 1.45 നു കൊച്ചിയിലെത്തിയ ഇത്തിഹാദ് വിമാനത്തിലാണ് ബെക്സ് ജനിച്ച മണ്ണിലേക്ക് മടങ്ങിയെത്തിയത്. കുടുംബാംഗങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്.
ഭാര്യ വീണയും മകന് അദൈത്വും വിമാനത്താവളത്തില്‍ ബെക്സ് കൃഷ്ണനെ സ്വീകരിക്കാനെത്തിയിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ പ്രതീക്ഷകളും അസ്തമിച്ച് നില്‍ക്കെയാണ് ബെക്സ് കൃഷ്ണനു രക്ഷകനായി യൂസഫലി എത്തിയത്. 2012 സെപ്റ്റംബര്‍ ഏഴിനായിരുന്നു ജോലി സംബന്ധമായി മുസഫയിലേക്കു പോകുമ്പോഴുണ്ടായ കാറപകടത്തില്‍ സുഡാന് സ്വദേശിയായ കുട്ടി മരിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യയ്ക്ക് കേസെടുത്ത അബുദാബി പോലീസ് ബെക്സിനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു. ആദ്യകോടതി 15 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നുവെങ്കിലും സുപ്രീംകോടതി വധശിക്ഷ നല്‍കുകയായിരുന്നു. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറിയാണ് മരണം സംഭവിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ തെളിഞ്ഞതിനാലാണ് മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്കുശേഷം യുഎഇ സുപ്രീംകോടതി 2013 ല്‍ ബെക്സിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഈ സമയത്താണ് വ്യവസായി എം.എ. യൂസഫലി വിഷയത്തില്‍ ഇടപ്പെടുന്നത്. കേസിന്റെ പരിഹാരത്തിനായി സുഡാനില്‍ നിന്ന് മരണപ്പെട്ട കുട്ടിയുടെ കുടുംബാംഗങ്ങളെ അബുദാബിയില്‍ കൊണ്ടുവന്ന് താമസിപ്പിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിരന്തര ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ശേഷം മാപ്പുനല്‍കാമെന്ന് കുട്ടിയുടെ കുടുംബം കോടതിയില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ബെക്സിന്റെ ജയില്‍വാസത്തിനു വിരാമമാകുന്നത്. നഷ്ടപരിഹാരമായി കോടതി അഞ്ചുലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടപ്പോള്‍ യൂസഫലി തന്നെ അത് കഴിഞ്ഞ ജനുവരിയില്‍ കോടതിയില്‍ കെട്ടിവെച്ചു. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി (ബ്ലഡ് മണിയായി) അഞ്ചുലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി വഴി സാധ്യമായത്. എട്ടു വര്‍ഷവും ഒമ്പതു മാസവുമാണ് ജയിലില്‍ കഴിയേണ്ടി വന്നത്. ബെക്സിന്റെ അച്ഛന് കൃഷ്ണനും വര്‍ഷങ്ങളോളം അബുദാബിയിലായിരുന്നു.
നീണ്ട കാത്തിരിപ്പിനു വിരാമം, മകന്റെ തിരിച്ചുവരവില്‍ സന്തോഷത്തില്‍ കുടുംബം
ഇരിങ്ങാലക്കുട: ഇന്നലെ പുലര്‍ച്ചെ വീട്ടിലെത്തിയ മകനെ കണ്ടപ്പോള്‍ ബെക്സിന്റെ അച്ഛനും അമ്മയ്ക്കും ഏറെ സന്തോഷം. ഏറെ നാളത്തെ പ്രാര്‍ഥനകള്‍ക്കും കാത്തിരിപ്പിനൊടുവിലാണു മകനെ ഒരു നോക്ക് കാണാനായത്. ബെക്സിന്റെ വധശിക്ഷ ഇളവുനല്‍കി എന്നറിഞ്ഞപ്പോള്‍ തന്നെ ഏറെ സന്തോഷത്തിലാണ് ഈ കുടുംബം. പ്രതീക്ഷകള്‍ നഷ്ടപ്പെട്ട കുടുംബത്തിനു ആശ്വാസവും സന്തോഷവും നല്‍കുന്നതായിരുന്നു ഈ വാര്‍ത്ത. മകനു വധശിക്ഷ വിധിച്ചതറിഞ്ഞ കൃഷ്ണന് ഏഴുവര്‍ഷം മുമ്പ് മസ്തിഷ്കാഘാതം വന്ന് ചികിത്സയിലാണ്. മോചനവാര്ത്തയറിഞ്ഞ അമ്മ ചന്ദ്രികയും സഹോദരന് ബിന്സനും അടങ്ങുന്ന കുടുംബം ഏറെ സന്തോഷത്തിലായിരുന്നു. രണ്ടു വയസ് മാത്രം പ്രായമുള്ളപ്പോള്‍ ഗള്‍ഫിലേക്കു പോയ അച്ഛന് തിരിച്ചുവന്നതിലുള്ള സന്തോഷത്തിലാണ് ഏക മകന് അദ്വൈത്. ബെക്സ് വീട്ടില്‍ എത്തിയെങ്കിലും അച്ഛനേയും അമ്മയേയും വീടിനുപുറത്തു വച്ച് കണ്ട് ക്വാറന്റൈനില്‍ കഴിയുന്നതിന്റെ ഭാഗമായി കാക്കാത്തിരുത്തിയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു.
ബെക്സ് കൃഷ്ണന് ജോലി നല്‍കും, സഹായിച്ചത് ശ്രദ്ധ കിട്ടാനല്ല; എം.എ. യൂസഫലി
ഇരിങ്ങാലക്കുട: വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ ബെക്സ് കൃഷ്ണനു ജോലി വാഗ്ദാനം ചെയ്ത് വ്യവസായി എം.എ. യൂസഫ് അലി. ചോരപ്പണം നല്കി ബെക്സിനു മരണത്തില്‍ നിന്നു രക്ഷിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പലരും കരുതുന്നത് ഇത് താന്‍ ഹെലികോപ്റ്ററില്‍ നിന്ന് വീണ ശേഷം ശ്രദ്ധ കിട്ടാന്‍ ചെയ്ത കാര്യമെന്നാണ്. എന്നാല്‍ അങ്ങിനെയല്ല. ബെക്സ് കൃഷ്ണന്റെ കാര്യത്തില്‍ വര്‍ഷങ്ങളായി ഞങ്ങള്‍ പരിശ്രമിക്കുന്നുണ്ട്. നിരന്തരം ചര്‍ച്ച നടത്തി കഴിഞ്ഞ ജനുവരിയിലാണ് പണം കെട്ടിവച്ചത്. മനുഷ്യജീവന് പണമല്ല വലുത്. പണം കൊടുത്താലും രക്ഷപ്പെടാന്‍ സാധിക്കാത്ത എത്രയോ സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുന്നുണ്ട്. മനുഷ്യനാണ് മനുഷ്യനെ രക്ഷപ്പെടുത്തേണ്ടതെന്നാണ് ഞാന്‍ കരുതുന്നത്. ബെക്സ് കൃഷ്ണന്റെ കാര്യത്തില്‍ എംബസിയുടെ ഭാഗത്തു നിന്ന് നല്ല സഹകരണം ഉണ്ടായി’ എന്നും അദ്ദേഹം പറഞ്ഞു. ‘മരിച്ച സുഡാനി കുട്ടിയുടെ കുടുംബം ദിയ സ്വീകരിക്കാന്‍ തയാറായിരുന്നില്ല. പണം വാങ്ങിയാല്‍ മകനെ തിരിച്ച് കിട്ടുമോയെന്നായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍ ചോദിച്ചത്. അതുകൊണ്ട് അവരോട് ദീര്‍ഘമായി സംസാരിക്കേണ്ടി വന്നു. ബെക്സ് കൃഷ്ണന്റെ കുടുംബത്തെ കുറിച്ചൊക്കെ അവരോട് പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു. ദിയ അവരുടെ അവകാശമാണ്. നിരന്തരം ചര്‍ച്ച ചെയ്താണ് അവരുടെ തീരുമാനം മാറ്റിയത്,’ എന്നും യൂസഫലി അറിയിച്ചു. ‘ബെക്സ് കൃഷ്ണനു ജോലി ശരിയാക്കി കൊടുക്കും. ഇപ്പോള്‍ ജയിലില്‍ നിന്ന് വന്നതല്ലേയുള്ളൂ. ഒരു ആറു മാസം അദ്ദേഹം കുടുംബത്തോടൊപ്പം കഴിയട്ടെ. അതുകഴിഞ്ഞ് ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയെങ്കിലും തന്നെ ബെക്സിന് ജോലി ശരിയാക്കിക്കൊടുക്കും,’ എന്നും അദ്ദേഹം പറഞ്ഞു.