വയോധികരായ ദമ്പതികളുടെ സംരക്ഷണമുറപ്പാക്കാന്‍ ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍
ഇരിങ്ങാലക്കുട: സ്വന്തം സ്ഥലത്തേക്കുള്ള വഴി നിഷേധിച്ചതിനെത്തുടര്‍ന്ന് കിടപ്പാടമില്ലാതെ പീടിക തിണ്ണയില്‍ അന്തിയുറങ്ങിയ പൊയ്യ സ്വദേശി വയോധികനായ രാജന് (67) ന് സംരക്ഷണമുറപ്പാക്കാന്‍ ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ഇടപെടല്‍ നടന്നു. കോവിഡ് സാഹചര്യത്തില്‍ ഇത്തരം വയോധികന്റെ ദുരനുഭവം ശ്രദ്ധയില്‍പെട്ട ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ആന്‍ഡ് ആര്‍ഡിഒ ആയ എം.എച്ച്. ഹരീഷ്, തൃശൂര്‍ എ.ഡി.എം റെജി പി. ജോസഫ് എന്നിവര്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെടുകയായിരുന്നു. സാമൂഹ്യനീതി വകുപ്പ് വയോക്ഷേമ കോള്‍ സെന്റര്‍ വഴിയും, ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്, പൊയ്യ വില്ലേജ് ഓഫീസര്‍ എന്നിവരില്‍ നിന്നും അടിയന്തിര റിപ്പോര്‍ട്ട് തേടിയിരുന്നു. വയോധികന്റെ സംരക്ഷണം മുന്‍നിര്‍ത്തി ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍ എം.എച്ച്. ഹരീഷ് സ്വമേധയാ പരാതി എടുക്കുകയുമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്നേ സ്വകാര്യ വ്യക്തിയില്‍ നിന്നും നാലു സെന്റ് ഭൂമി വിലകൊടുത്തു വാങ്ങിയിരുന്നു. ഇവിടെ വെച്ചു കെട്ടിയ ഷെഡ്ഡിലാണ് രാജനും ഭാര്യ ഉഷയും താമസിച്ചിരുന്നത്. ഏക മകളെ വിവാഹം കഴിപ്പിച്ചയച്ചു. താമസിച്ചിരുന്ന ഷെഡ് തകര്‍ന്നു വീണ അവസ്ഥയും, വാങ്ങിയ ഭൂമിയില്‍ വഴി ഇല്ലാത്ത സാഹചര്യവും ഈ ദമ്പതികളെ ദുഖത്തിലാഴ്ത്തി. സ്വന്തമായി കിടപ്പാടം ഇല്ലാതായപ്പോള്‍ ഭാര്യ ഉഷ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറുകയും രാജന് പ്ലാവിന്മുറിയിലെ പീടിക തിണ്ണയില്‍ കഴിഞ്ഞു വരികയുമായിരുന്നു. ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ആന്‍ഡ് ആര്‍ഡിഓ ആയ എം.എച്ച്. ഹരീഷിന്റെ നേതൃത്വത്തില്‍ പൊയ്യ വില്ലേജ് ഓഫീസര്‍ ടി.എസ്. അനില്‍കുമാര്‍, ആര്‍ഡിഓ ജൂണിയര്‍ സൂപ്രണ്ട് ഐ.കെ. പൂക്കോയ, സാമൂഹ്യനീതി വകുപ്പ് ടെക്നിക്കല്‍ അസിസ്റ്റന്റ് മാര്‍ഷല്‍ സി. രാധാകൃഷ്ണന്, സെക്ഷന്‍ ക്ലാര്‍ക്ക് ഐ.ആര്. കസ്തുര്‍ബായ് എന്നിവരടങ്ങുന്ന സംഘം ദമ്പതികളുടെ സ്ഥലം നേരിട്ട് സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. കോവിഡ് രൂക്ഷമാവുന്നതിന് മുന്നേ ജോലിക്ക് പോയിരുന്ന രാജന് വരുമാനം നിലയ്ക്കുകയും നിലവില്‍ ബന്ധുക്കളുടെ വീട്ടിലോ മറ്റോ നില്‍ക്കാനുള്ള സാഹചര്യം ഇല്ലാതാവുകയും ചെയ്തു. ബന്ധുക്കളും, ഏക മകളുമായി ബന്ധപ്പെട്ടു സംസാരിച്ചു എങ്കിലും താമസിക്കാന്‍ ഇടമില്ലാത്ത ഇവരുടെ അവസ്ഥക്ക് പരിഹാരം കാണാന്‍ ആയിരുന്നില്ല. വഴി സൗകര്യമില്ലാതെയുള്ള രാജന്റെ ഭാര്യ ഉഷയുടെ പേരിലുള്ള ഭൂമിയില്‍ വഴിത്തര്‍ക്കം സംബന്ധിച്ചു കോടതിയില്‍ കേസ് ഉള്ളതായും പറയുന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി.എച്ച്. അസ്ഗര്ഷായുടെ നിര്‍ദേശപ്രകാരം ഓര്‍ഫനേജ് കൗണ്‍സിലര്‍മാരായ മാര്‍ഗരറ്റ് പാട്രിക്സണ്, ദിവ്യ അബീഷ് എന്നിവരുടെ ശുപാര്‍ശയാല്‍ രാജനും ഭാര്യക്കും താമസിക്കാവുന്ന പുനരധിവാസ കേന്ദ്രങ്ങള്‍ കണ്ടെത്തുകയും വയോധികരായ ദമ്പതികളുടെ സന്നദ്ധത തേടുകയുമായിരുന്നു. ദമ്പതികളായ രാജനെയും ഭാര്യ ഉഷയെയും താത്കാലികമായി കൊടുങ്ങല്ലൂര്‍ കൊന്നച്ചുവടുള്ള ദയ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സ്ഥാപനത്തിലേക്ക് പുനരധിവസിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കോവിഡ് പരിശോധനകള്‍ക്ക് ശേഷം ഇവരെ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കും. വയോധികരുടെ ഭൂമിയിലേക്കുള്ള വഴിതര്‍ക്കം പരിഹരിക്കുന്നതിനായി സാധ്യമാകുന്ന അനുരഞ്ജനശ്രമവും നടക്കുന്നുണ്ട്.