ഫ്രാന്‍സിസ് പാപ്പ വിശ്വ മാനവികതയുടെ മനഃസാക്ഷി ശബ്ദം- മാര്‍ പോളി കണ്ണൂക്കാടന്‍

വീഡിയോ കാണുവാന്‍
https://www.facebook.com/share/v/16JqpP2mTE/
ഇരിങ്ങാലക്കുട: സര്‍വ ജനവിഭാഗങ്ങള്‍ക്കും സമാരാധ്യനായി 12 വര്‍ഷക്കാലം സാര്‍വത്രിക കത്തോലിക്കാ സഭയെ നയിച്ച പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം സഭയ്ക്കും ലോകത്തിനും കനത്ത നഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ജാതി,മത,ഭേദമെന്യേ പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി നിരന്തരം അദ്ദേഹം ശബ്ദമുയര്‍ത്തി. സാമൂഹിക, രാഷ്ട്രീയ, പാരിസ്ഥിതിക, രാജ്യാന്തരതലങ്ങളില്‍ നീതിയുടെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സുവിശേഷാധിഷ്ഠിതമായ സഭയുടെ മുഖവും ശബ്ദവുമായിരുന്നു ഫ്രാന്‍സിസ് പാപ്പ.
സുവിശേഷമൂല്യങ്ങളെ വിശ്വസ്തതയോടും ധീരതയോടും കൂടി ജീവിതത്തില്‍ പകര്‍ത്തിയ അദ്ദേഹം വിശ്വമാനവികതയുടെയും മതമൈത്രിയുടെയും അതിരുകളില്ലാത്ത കാരുണ്യത്തിന്റെയും പ്രതീകമായി ലോകത്തിനു മുന്നില്‍ നിലകൊണ്ടു. യുദ്ധവും സംഘര്‍ഷവും അക്രമവും രക്തച്ചൊരിച്ചിലും മനുഷ്യന് മനുഷ്യനോട് ചെയ്യുന്ന കടുത്ത അപരാധമാണെന്ന് നമ്മെ ഓര്‍മിപ്പിച്ചു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പുപോലും ഗാസയിലും യുക്രെയിനിലും യെമനിലും സംഘര്‍ഷങ്ങളില്‍ ഇരകളായവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി; സമാധാനത്തിനു വേണ്ടി രാഷ്ട്ര നേതാക്കളോട് അഭ്യര്‍ഥിച്ചു. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നമ്മുടെ കാലഘട്ടത്തിന്റെ മനഃസാക്ഷിയായി ജീവിച്ചു നിത്യതയിലേക്ക് വിടവാങ്ങിയ ഫ്രാന്‍സിസ് പാപ്പയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.