കുട്ടന്‍കുളം നവീകരണം ഉത്സവശേഷം ആരംഭിക്കുമെന്ന് പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗം

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേനടയിലുള്ള കുട്ടന്‍കുളം ചുറ്റിലും കാടുകയറി പൂപ്പല്‍ നിറഞ്ഞ നിലയില്‍.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കിഴക്കേനടയിലെ കുട്ടന്‍കുളം നവീകരണം ഉത്സവശേഷം ആരംഭിക്കുമെന്ന് പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗം. മണ്ണുപരിശോധന പൂര്‍ത്തിയാക്കി ചീഫ് എന്‍ജിനീയറില്‍നിന്ന് സാങ്കേതികാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഏപ്രില്‍ 19 നുശേഷം ടെണ്ടര്‍ തുറന്ന് കരാറുകാരെ ചുമതലപ്പെടുത്തുമെങ്കിലും കുളം നവീകരണത്തിന് മുന്നൊരുക്കം ആവശ്യമുള്ളതിനാല്‍ ഉത്സവത്തിനുശേഷം മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് പൊതുമരാമത്തുവിഭാഗം വ്യക്തമാക്കി. മേയ് എട്ടു മുതല്‍ 18 വരെയാണ് ഉത്സവം.
കുട്ടന്‍കുളത്തിന്റെ ഇടിഞ്ഞുവീണ തെക്കേ മതിലടക്കം നാലരികിലും മതില് കെട്ടി കുളം വൃത്തിയാക്കി നവീകരിക്കാനാണ് പദ്ധതി. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച നാലുകോടി രൂപയാണ് പൊതുമരാമത്ത് വകുപ്പിന് അനുവദിച്ചിരിക്കുന്നത്. പ്രസിദ്ധമായ കുട്ടംകുളം സമരം നടന്ന ചരിത്രപ്രാധാന്യമുള്ളതും കുളം നിര്‍മിച്ച ആളുടെ പേരില്‍ അറിയപ്പെടുന്നതുമായ അപൂര്‍വം കുളങ്ങളില്‍ ഒന്നാണിത്. ഒരു ഏക്കറിലധികം വിസ്തൃതിയില്‍ വളരെ ശാസ്ത്രീയമായ രീതിയില്‍ ദീര്‍ഘചതുരാകൃതിയില്‍ നിര്‍മിച്ച ഈ കുളത്തില്‍ നിഴല്‍ വീഴില്ലെന്ന പ്രത്യേകതയുമുണ്ട്.