നൊമ്പരമായി ആ ചിത്രം, വിധിയോട് പൊരുതി പാപ്പായുടെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രകാരന്

വിധിയെ തോല്പിച്ച് അനുഗ്രഹ ചിത്രം....ജയന് വരച്ച ചിത്രം ഫ്രാന്‍സീസ് മാര്‍പാപ്പക്കു ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനിക്കുന്ന ചിത്രവുമായി ജയന്. താന്‍ വരച്ച മാര്‍പാപ്പയുടെ ചിത്രം പിറകില്‍.
ജന്മനാ വൈകല്യമുള്ള ജയന് വരച്ച ചിത്രം മാര്‍പ്പാപ്പക്കു സമ്മാനിച്ചിരുന്നു
ഇരിങ്ങാലക്കുട: ഒരുപാട് പ്രാര്‍ഥിച്ചു, ഇനി എനിക്കു വേണ്ടി സ്വര്‍ഗത്തില്‍ ഫ്രാന്‍സീസ് പാപ്പ പ്രാര്‍ഥിക്കും. താന്‍ വരച്ച ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ചിത്രം മാര്‍പാപ്പക്കു സമ്മാനിക്കുന്ന ഫോട്ടോ കൈകളിലെടുത്തു കൊണ്ട് ഇരിങ്ങാലക്കുട പൊറത്തിശേരി അഭയഭവനിലെ അന്തേവാസി ജയന് ഏറെ വേദനയോടെ പറഞ്ഞ വാക്കുകളാണിത്. ഒരുനാള്‍ ഞാന്‍ ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ചിത്രം വരച്ചു. പിന്നീട് ഈ ചിത്രം പരിശുദ്ദ പിതാവിന്റെ കരങ്ങളില്‍ എത്തി. ഏറെ ഭാഗ്യത്തോടയാണ് ഞാനിതിനെ കാണുന്നത്.

മാര്‍പാപ്പ അസുഖ ബാധിതനായതറിഞ്ഞ നിമിഷം മുതല്‍ ഒരുപാട് പ്രാര്‍ഥിച്ചു. ഇനി എനിക്കു വേണ്ടി ഫ്രാന്‍സീസ് പാപ്പ സ്വര്‍ഗത്തില്‍ പ്രാര്ഥിക്കുമെന്നു ജയന് പറഞ്ഞു. ജന്മനാ കൈകാലുകള്‍ക്കു സ്വാധീനമില്ലാത്ത, നിവര്‍ന്നിരിക്കാന്‍ പോലും സാധിക്കാത്ത വ്യക്തിയാണ് കെ.എസ്. ജയന്. 2014 മേയ് 21 നാണ് സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വെച്ച് ഇരിങ്ങാലക്കുട രൂപതാ മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പാക്കു ജയന് വരച്ച ചിത്രം കൈമാറിയത്. ചിത്രം സമ്മാനിച്ചുകൊണ്ട് ചിത്രക്കാരനെ മാര്‍പാപ്പയ്ക്കു പരിചയപ്പെടുത്തി. ചിത്രവും ചിത്രത്തിലൂടെ ജയനെയും കണ്ട പരിശുദ്ധ പിതാവ് പറഞ്ഞു: വൗ…… വണ്ടര്ഫുള്. യു കണ്‍വെ മൈ സിന്സിയര് ഗ്രാറ്റിറ്റിയൂഡ്. ഓഫറിംഗ് മൈ പ്രയേഴ്സ് ആന്‍ഡ് അപ്പസ്റ്റോലിക് ബ്ലെസിംഗ്സ്. അങ്ങിനെ ജയനെന്ന ചിത്രകാരനു പാപ്പായുടെ അനുഗ്രഹം ലഭിച്ചു. കുറിച്ചിത്താനം ഉഴവൂര്‍ കരോട്ടുകുമരംപറമ്പത്ത് സോമസുന്ദരന്‍ പിള്ളയുടെയും കമലാക്ഷിയമ്മയുടെയും ഇളയപുത്രനാണ് ജയന്. 31 വര്‍ഷം മുമ്പ് 1994 ജനുവരി മൂന്നിനാണു കൂട്ടുകാരന് രമേശ് ജയനെന്ന 32 കാരനെ പൊറത്തിശേരി അഭയഭവനിലെത്തിച്ചത്. ശരീരത്തെ വിധി തളര്‍ത്തിയെങ്കിലും ജയനിലെ കലാകാരനെ തോല്‍പ്പിക്കാന്‍ വിധിക്കായില്ല. കൈയില്‍ ഒരു ചെറിയ കടലാസും പേനയും ലഭിച്ചാല്‍ ജയന് വരച്ചുതുടങ്ങും. ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍, ഇപ്പോഴത്തെ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, വിശുദ്ധ അല്‍ഫോന്‍സാമ്മ, ഈശോയുടെ തിരുഹൃദയം, മാതാവും ഉണ്ണീശോയും, സിനിമാതാരം ജയറാം എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ ജയന്റെ ശേഖരത്തിലുണ്ട്. കിടന്ന കിടപ്പില്‍ വരച്ച ചിത്ര്ങളാണിത്. കട്ടിലില്‍ ചുരുണ്ട് കിടന്നാണ് ജയന് ചിത്രങ്ങള്‍ വരച്ചിരുന്നത്.

വൈകല്യം നിറഞ്ഞ കൈകളില്‍ വിരിയുന്ന ചിത്രവിസ്മയം ആരെയും അതിശയിപ്പിക്കും. വരയ്ക്കുന്ന ചിത്രങ്ങള്‍ മറ്റുള്ളവരെ കാണിക്കുമ്പോള്‍ ജയന്റെ മനസില്‍ വല്ലാത്തൊരു ആഹ്ലാദം നിറയും. കഴിഞ്ഞ ഒരു വര്‍ഷമായി ശാരീരിക അവശതകള്‍ മൂലം ചിത്രം വരക്കാറില്ല. മുള്‍കിരീടം ധരിച്ച യേശുവിന്റെ ചിത്രമാണ് അവസാനമായി വരച്ചത്. ഭക്ഷണം കഴിക്കുന്നതടക്കം എല്ലാ കാര്യങ്ങള്‍ക്കും ജയന് പരസഹായം ആവശ്യമാണ്. നിര്‍മല ഭാസി സന്യാസസഭാസമൂഹമാണ് പോറത്തിശേരി അഭയഭവനില്‍ ജയന് എല്ലാ പരിചരണവും നല്‍കുന്നത്.