ഠാണ-ചന്തക്കുന്ന് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ഭരണാനുമതി
ഇരിങ്ങാലക്കുട: ഠാണ-ചന്തക്കുന്ന് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ഭരണാനുമതി. പദ്ധതി പൂര്‍ത്തിയായാല്‍ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ഒടുവില്‍ ഇരിങ്ങാലക്കുട നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാവും. റോഡ് വികസനത്തിന്റെ ഭാഗമായി ഠാണ മുതല്‍ ചന്തക്കുന്ന് വരെയാണ് റോഡിന് വീതി കൂട്ടുന്നത്. ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളിലായി ഉള്‍പ്പെടുന്ന ഒന്നര ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കുക. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്.ബിന്ദുവിന്റെ അടിയന്തിര ഇടപെടലിന്റെ ഭാഗമായാണ് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിറക്കിയത്. കൊടുങ്ങല്ലൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ നിലവില്‍ 11 മീറ്റര്‍ വീതി മാത്രമുള്ള ഠാണാ-ചന്തക്കുന്ന് റോഡ് 17 മീറ്റര്‍ വീതിയിലാക്കി ബിഎംബിസി നിലവാരത്തില്‍ മെക്കാഡം ടാറിംഗ് നടത്തിയാണു വികസിപ്പിക്കുന്നത്. ഇതിനായുള്ള സര്‍വേ നടപടികളെല്ലാം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. പ്രസ്തുത 17 മീറ്റര്‍ വീതിയില്‍ 13.8 മീറ്റര്‍ വീതിയില്‍ റോഡും ബാക്കി 3.2 മീറ്റര്‍ വീതിയില്‍ നടപ്പാതകളോടു കൂടിയ കാനകളുമാണു ഉണ്ടായിരിക്കുക. ഇതിനു പുറമെ ട്രാഫിക് സേഫ്റ്റിക്കു വേണ്ടിയുള്ള ലൈന്‍ മാര്‍ക്കിംഗ്, റിഫ്ളക്ടറുകള്‍, സൂചന ബോര്‍ഡുകള്‍, ദിശ ബോര്‍ഡുകള്‍ എന്നിവയും സ്ഥാപിക്കും. വികസന പ്രവര്‍ത്തിയുടെ ഭാഗമായി കെഎസ്ഇബി പോസ്റ്റുകള്‍, ബിഎസ്എന്‍എല്‍ കേബിള്‍ പോസ്റ്റുകള്‍, വാട്ടര്‍ അഥോറിറ്റി പൈപ്പുകള്‍ എന്നിവയെല്ലാം മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടിയുമുണ്ടാകും. ഭൂമിയുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ കളക്ടര്‍ക്കും നിര്‍ദ്ദേശം നല്കി. കൊടുങ്ങല്ലൂര്‍-ഷൊര്‍ണ്ണൂര്‍ സംസ്ഥാന പാതയില്‍ ഏറെ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ഠാണ, ചന്തക്കുന്ന് ജംഗ്ഷനുകള്‍. ഈ റോഡിന്റെ വികസനം സംസ്ഥാന പാതയിലെ യാത്രക്കാര്‍ക്കും, ഇരിങ്ങാലക്കുട നഗരത്തിലെ യാത്രക്കാര്‍ക്കും ഒരുപോലെ ഗുണകരമാകും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നുഠാണ – ചന്തകുന്ന് റോഡ് വികസനം.