ഒന്നാംപ്രതി ടി.ആര്. സുനില്‍കുമാര്‍ റിമാന്റില്‍; രണ്ടും മൂന്നും ആറും പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്ക് തട്ടിപ്പുകേസിലെ ഒന്നാംപ്രതിയും ബാങ്ക് മുന്‍ സെക്രട്ടറിയുമായ തളിയക്കോണം
തൈവളപ്പില്‍ വീട്ടില്‍ ടി.ആര്. സുനില്‍കുമാറിനെ കോടതി റിമാന്റ് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് വൈകീട്ട് 4.40 ന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തിനു മുന്നില്‍ സുനില്‍കുമാര്‍ കീഴടങ്ങുകയായിരുന്നു. ജാമ്യം ലഭിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു കീഴടങ്ങല്‍. ഇന്നലെ ഉച്ചതിരിഞ്ഞ് ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് പ്രതിയെ ഹാജരാക്കിയത്. പ്രതിയെ നേരിട്ട് കോടതിയില്‍ ഹാജരാക്കുമ്പോഴുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയാണ് വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഹാജരാക്കിയത്. കേസിലെ രണ്ടാം പ്രതിയും മുന്‍ ബ്രാഞ്ച് മാനേജരുമായ മാപ്രാണം മൂത്രത്തിപ്പറമ്പില്‍ ബിജു (45) മൂന്നാം പ്രതി പൊറത്തുശേരി ചെല്ലിക്കര വീട്ടില്‍ ജില്‍സ് (43), ആറാം പ്രതി മൂര്‍ക്കനാട് പുന്നപ്പിള്ളി വീട്ടില്‍ റെജി അനില്‍ (43) എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയിട്ടുണ്ട്. സുനില്‍കുമാര്‍ സി.പി.എം. കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. 21 വര്‍ഷം തുടര്‍ച്ചയായി കരുവന്നൂര്‍ ബാങ്കിന്റെ സെക്രട്ടറിയായിരുന്ന സുനില്‍ തട്ടിപ്പുകേസിലെ വിവരങ്ങള്‍ പുറത്തെത്തിയതോടെ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നെന്ന് അന്വേഷണസംഘം പറയുന്നു. കേസിലെ അഞ്ച് പ്രതികളെക്കൂടി പിടികൂടാനുണ്ട്. പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന മുന്‍ ബ്രാഞ്ച് മാനേജര്‍ എം.കെ. ബിജു കരീം (45), മുന്‍ സീനിയര്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സ് (43), ഇടനിലക്കാരന് കിരണ്‍ (31), കമ്മിഷന് ഏജന്റായിരുന്ന എ.കെ. ബിജോയ് (47), ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റിലെ മുന്‍ അക്കൗണ്ടന്റ് റെജി അനില്‍ (43) എന്നിവരെയാണ് പിടികൂടാനുള്ളത്. ഇവര്‍ ഒളിവിലാണെന്ന് അന്വേഷണസംഘം പറയുന്നു. പ്രതികളുടെ പേരില്‍ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ബാക്കി പ്രതികള്‍ക്കായി ആന്ധ്ര, തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ അന്വേഷണം നടത്തുന്നുണ്ട്. നാലാംപ്രതി കിരണ്‍ രാജ്യം വിട്ടതായാണ് സൂചന.