ഖേലോ ഇന്ത്യ മത്സരങ്ങളില് കരുത്തുകാട്ടി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
ഇരിങ്ങാലക്കുട: ബാംഗ്ലൂരു നടക്കുന്ന രണ്ടാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസില് ക്രൈസ്റ്റ് കോളജ് താരങ്ങള് മിന്നും പ്രകടനം കാഴ്ച്ചവെച്ചു. വോളിബോളിലും ഫുട്ബോളിലും അത്ലറ്റിക്സിലും വെയിറ്റ് ലിഫ്റ്റിംഗിലും ക്രൈസ്റ്റ് കോളജ് വിദ്യാര്ഥികള് മെഡല് നേടി. വനിതാ വിഭാഗം അത്ലറ്റിക്സില് കാലിക്കട്ട് യൂണിവേഴ്സിറ്റി മെഡല് നേടിയപ്പോള് 80 ശതമാനത്തില് അധികം പോയിന്റുകളും നേടിയതു ക്രൈസ്റ്റ് കോളജ് താരങ്ങളാണ്. ആര്. ആരതി 400 മീറ്റര് ഹര്ഡില്സിലും മീര ഷിബു ട്രിപ്പില് ജംപിലും സ്വര്ണം നേടി. സാന്ദ്ര ബാബു ലോംഗ് ജംപില് വെള്ളിയും ട്രിപ്പിള് ജംപില് വെങ്കലവും നേടി. 4$400 മീറ്റര് റിലേ മത്സരത്തില് രണ്ടാം സ്ഥാനം നേടിയ കാലിക്കട്ട് യൂണിവേഴ്സിറ്റി റിലേ ടീമില് നാലില് മൂന്നു കുട്ടികളും ക്രൈസ്റ്റിന്റെ സംഭവനയാണ്. ആരതി, അര്ച്ചന, അനഘ എന്നിവരാണു നേട്ടം സ്വന്തമാക്കിയത്. വനിതാ വെയിറ്റ് ലിഫ്റ്റിംഗില് നൈസ്മോള് തോമസും ബിസ്ന വര്ഗീസും വെങ്കലം നേടി. ദ്രോണാചാര്യ അവാര്ഡ് ജേതാവ് ടി.പി. ഔസേഫ്, മുന് സായി പരിശീലകനായ വാള്ട്ടര് ജോണ്, സ്പോര്ട്സ് കൗണ്സില് പരിശീലകരായ സേവ്യര് പൗലോസ്, ഹാര്ബിന് സി. ലോനപ്പന്, ലക്ഷ്മി നാരായണന് എന്നിവരുടെ നേതൃത്വത്തിലാണു കുട്ടികള് പരിശീലനം ചെയ്യുന്നത്. അടുത്ത ഒളിംപിക്സില് ക്രൈസ്റ്റ് കോളജില് നിന്നും താരങ്ങളെ ഭാരതത്തിനു സംഭാവന ചെയ്യാനാകുമെന്നു കോളജ് പ്രിന്സിപ്പല് റവ. ഡോ. ജോളി ആന്ഡ്രൂസ് സിഎംഐ പറഞ്ഞു. കേരളാ സ്റ്റേറ്റ് സ്പോര്ട്സ് കൗണ്സിലും സ്പോര്ട്സ് അഥോറിറ്റി ഓഫ് ഇന്ത്യയും ക്രൈസ്റ്റ് കോളജിനു സഹായം നല്കുന്നുണ്ട്.