വൈദ്യുതി ബില്‍ അടച്ചില്ല…., മുരിയാട് ശുദ്ധജലം മുടങ്ങിയിട്ട് ഒരു മാസമാകുന്നു…..നാട്ടുകാര്‍ സമരത്തിലേക്ക്
മുരിയാട്: ബില്‍ അടക്കാത്തതിനാല്‍ കെഎസ്ഇബി വൈദ്യുതി ബന്ധം വിഛേദിച്ചതിനെ തുടര്‍ന്ന് ഒരു മാസമായി ശുദ്ധജലം ലഭിക്കാതെ മുരിയാട് പഞ്ചായത്തിലെ 200 ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍. അഞ്ച്, ആറ്, ഏഴ്, 16 വാര്‍ഡുകളിലെ കുടുംബങ്ങളാണു ശുദ്ധജലം ലഭിക്കാതെ ബുദ്ധിമുട്ടനുഭവിക്കുന്നത്. വര്‍ഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങളുടെ ശുദ്ധജലത്തിനുള്ള ഏക ആശ്രയമായിരുന്നു കപ്പാറ കുടിവെള്ള പദ്ധതി. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന അഞ്ചോളം കോളനികളിലെ കുടുംബങ്ങള്‍ക്കുള്ള ശുദ്ധജലം ലഭിച്ചിരുന്നത് ഈ പദ്ധതിയില്‍ നിന്നാണ്. മാസങ്ങളായി വൈദ്യുതി ബില്‍ അടക്കാത്തതിനാല്‍ ഒരു ലക്ഷത്തിലധികം രൂപ കുടിശകയായി. ഇതിനെ തുടര്‍ന്നു കെഎസ്ഇബി പലതവണ ആവശ്യപ്പെട്ടെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും ഒരു തരത്തിലുമുള്ള പ്രതികരണവും ഉണ്ടായില്ല. ഇതോടെ കെഎസ്ഇബി മോട്ടോറിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പഞ്ചായത്തില്‍ പ്രസിഡന്റിനോടും സെക്രട്ടറിയോടും പലതവണ ഈ കാര്യത്തെക്കുറിച്ച് അറിയിച്ചെങ്കിലും ഗുണഭോക്തൃ സമിതിക്കു കൈമാറിയ പദ്ധതിയായതിനാല്‍ വൈദ്യുതി ബില്‍ അടക്കുന്നതിനുള്ള പണം നല്കാന് കഴിയില്ലെന്നാണു പറയുന്നതെന്ന് ആറാം വാര്‍ഡ് അംഗം ശ്രീജിത്ത് പട്ടത്തും അഞ്ചാം വാര്‍ഡ് അംഗം ജിനി സതീശനും പറഞ്ഞു. എന്നാല്‍ പല വാര്‍ഡുകളിലും ഗുണഭോക്തൃസമിതി നടത്തുന്ന പദ്ധതികള്‍ക്ക് ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ടെന്നും ഈ പ്രശ്നത്തിനു പരിഹാരം കാണുന്നതിനു പഞ്ചായത്ത് അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രശ്നത്തിനു പരിഹാരം കാണാന്‍ ഗുണഭോക്തൃ സമിതിയിലെ ഭാരവാഹികള്‍ ശ്രമിക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. ഇതുവരെ പിരിച്ചെടുത്ത പണത്തിന്റെയോ ചെലവഴിച്ച പണത്തിന്റെയോ കണക്കുകളും സമിതി അംഗങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ഇതുസംബന്ധിച്ചു പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഈ കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ സമരത്തിനു രാജന് പ്ലാത്തുട്ടില്, സരസ്വതി മേലെത്തുപറമ്പില്, ലീല കുരിയില്‍, അശോകന് പൊന്നാരി, വസന്ത പാറേപ്പറമ്പില്‍, വേലായുധന് കുപ്ളംതറ എന്നിവര്‍ നേതൃത്വം നല്കി.