വിപണി കണ്ടെത്താനാകാതെ മഞ്ഞള്‍ കര്‍ഷകര്‍
കോണത്തുകുന്ന്: പ്രാദേശികതലത്തില്‍ വിപണി കണ്ടെത്താനാകാതെ മഞ്ഞള്‍ കര്‍ഷകര്‍. പരമ്പരാഗതമായി മറ്റു കൃഷിയോടൊപ്പം മഞ്ഞള്‍ കൃഷി ചെയ്തിരുന്ന ചെറുകിട കര്‍ഷകരാണു ബുദ്ധിമുട്ടിലായത്. കോവിഡ് അടച്ചിടല്‍മൂലം കൂടുതല്‍ പേര് മഞ്ഞള്‍, മരച്ചീനി, ഇഞ്ചി എന്നിവ കൃഷി ചെയ്യാന്‍ തുടങ്ങിയതോടെ ഉത്പാദനം വര്‍ധിച്ചു. ആവശ്യക്കാരുടെ എണ്ണം കുറഞ്ഞു. പ്രാദേശികമായി മഞ്ഞള്‍ വിറ്റഴിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇതു തിരിച്ചടിയായി. കുറഞ്ഞ വിലയ്ക്കു മഞ്ഞളും ഇഞ്ചിയും വിപണിയില്‍ ലഭിക്കുന്നതുമൂലം പരമ്പരാഗത കര്‍ഷകര്‍ക്കു ന്യായമായ വില ലഭിക്കാത്ത സ്ഥിതിയാണ്. മഞ്ഞളിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ പലരും മഞ്ഞള്‍പ്പൊടി ഉണ്ടാക്കി വില്പന നടത്തുന്നുണ്ട്. വിപണി കണ്ടെത്താനുള്ള ബുദ്ധിമുട്ടും ന്യായമായ വില ലഭിക്കാത്ത സ്ഥിതിയുംമൂലം നിരവധി കര്‍ഷകര്‍ വിളവെടുക്കാത്ത അവസ്ഥയുമുണ്ട്. വിളവെടുപ്പു വൈകുന്നതു വിളകള്‍ നശിക്കുന്ന സ്ഥിതിയുണ്ടാകും. കൃഷിവകുപ്പ് ഇടപെട്ടു സംഭരിക്കാനുള്ള സംവിധാനം ഒരുക്കണമെന്നാണു കര്‍ഷകരുടെ ആവശ്യമെന്നു കര്‍ഷകനും കാര്‍ഷിക വികസനസമിതി അംഗവുമായ രമേശ് മാടത്തിങ്കല്‍ പറഞ്ഞു.