ഭിന്നശേഷിക്കാര്‍ക്ക് സവിശേഷ തിരിച്ചറിയല്‍ രേഖ: സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സവിശേഷ തിരിച്ചറിയല്‍ രേഖ നല്‍കുന്നതിനുള്ള പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പരിശീലന പരിപാടിയില്‍ വിവര ശേഖരത്തിനാവശ്യമായ സോഫ്റ്റ്വെയര് പരിചയപ്പെടുത്തല്‍, ഭവന സന്ദര്‍ശനം നടത്തി ശേഖരിക്കേണ്ട വിഷയങ്ങള്‍, പ്രസ്തുത വിവരങ്ങള്‍ വിശകലനം ചെയ്യേണ്ട വിധം എന്നിവയെക്കുറിച്ചെല്ലാം വിശദമായ പരിശീലനം നല്കി. ആളൂര്‍-മുരിയാട് പഞ്ചായത്തുകളിലെ പരിശീലനം ആളൂര്‍ ഗ്രാമപഞ്ചായത്ത് ഹാളിലും പൂമംഗലം-പടിയൂര്‍ പഞ്ചായത്തുകളിലെ പരിശീലനം പടിയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളിലും കാട്ടൂര്‍-കാറളം പഞ്ചായത്തുകളിലെ പരിശീലനം കാറളം ഗ്രാമപഞ്ചായത്ത് ഹാളിലും ഇരിങ്ങാലക്കുട നഗരസഭ-വേളൂക്കര ഗ്രാമപഞ്ചായത്ത് എന്നിവയുടെ പരിശീലനം ക്രൈസ്റ്റ് കോളജില്‍ വെച്ചുമാണു സംഘടിപ്പിച്ചത്. യോഗങ്ങളില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാര്, ജനപ്രതിനിധികള്‍, അങ്കണവാടി, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.