കൂടല്‍മാണിക്യം ക്ഷേത്രോല്‍സവം: പള്ളിവേട്ട ഭക്തിസാന്ദ്രം, ആറാട്ട് ഇന്ന്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പള്ളിവേട്ട ഭക്തിസാന്ദ്രമായി. ആല്ത്തറക്കല് നടന്ന പള്ളിവേട്ട ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചതോടെ പരക്കാട് തങ്കപ്പന് മാരാരുടെയും നേതൃത്വത്തില്‍ പഞ്ചവാദ്യം അരങ്ങേറി. ഇന്ന് കൂടപ്പുഴ ആറാട്ടുകടവില്‍ ആറാട്ട് നടക്കും. രാവിലെ പശുക്കുട്ടിയുടെ കരച്ചില് കേട്ടുണരുന്ന ദേവനു കണി കാണിച്ച് ദിനചര്യകള്‍ പൂര്‍ത്തിയാക്കി അലങ്കരിച്ച് പൂജ കഴിക്കും. വിളക്ക് വെച്ച് പാണി കൊട്ടി അകത്തേക്കെഴുന്നള്ളിക്കുന്നു. എതൃത്തപൂജയ്ക്കു ശേഷം ആറാട്ട് ക്രിയകള്‍ തുടങ്ങും. ചുറ്റമ്പലത്തിന് പുറത്തേക്ക് എഴുന്നള്ളിച്ചാല്‍ തിടമ്പ് കയ്യില്‍ വെച്ച് ആദ്യ പ്രദക്ഷിണം കഴിച്ച് രണ്ടാമത്തെ പ്രദക്ഷിണം ഗജവീരന്റെ പുറത്ത് കോലമേറ്റിയിട്ടാണ്. കൊടിമരത്തിന്റെയവിടെ എട്ട് ഭാഗത്തും തൂവി ധ്വജത്തെ സാക്ഷിയാക്കി ക്ഷേത്രത്തിന് പുറത്തേക്ക് കടക്കുന്നു. വാദ്യഘോഷങ്ങളോടെ കൂടപ്പുഴ ആറാട്ട് കടവിലേക്ക് രാവിലെ എട്ടിന് പള്ളിനീരാട്ടിനായി പുറപ്പെടുന്ന കൂടല്‍മാണിക്യ സ്വാമിക്ക് കേരള പോലീസ് വക ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്‍കും. ഉച്ചക്ക് ഒരു മണിക്ക് കൂടപ്പുഴ ആറാട്ടുകടവില്‍ എത്തിച്ചേര്‍ന്ന് പൂജ നടത്തി പള്ളിനീരാട്ട് നടത്തുന്നു. തുടര്‍ന്ന് കൂടപ്പുഴ എന്‍എസ്എസ് കരയോദത്തിന്റെ നേതൃത്വത്തില്‍ ആറാട്ട് കഞ്ഞി വിതരണം നടക്കും. തന്ത്രി നഗരമണ്ണ് ത്രിവിക്രമന്‍ നന്ബൂതിരിയുടെ കാര്‍മികത്വത്തിലാണ് ആറാട്ട് ചടങ്ങുകള്‍ പൂര്‍ത്തീകരിക്കുക. വൈകീട്ട് അഞ്ചിന് തിരിച്ചെഴുന്നള്ളിപ്പ് ആരംഭിക്കും. എഴുന്നള്ളിപ്പ് ഇരിങ്ങാലക്കുട പള്ളിവേട്ട ആല്‍ത്തറയ്ക്കല്‍ എത്തിയാല്‍ പ്രഗത്ഭ വാദ്യകലാകാരനായ കോങ്ങാട് മധുവിന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യം ആരംഭിക്കും. തിരിച്ചെഴുന്നള്ളുന്നതിന് ഭക്തജനങ്ങള്‍ മുറ്റത്ത് കോലമിട്ട് നിറപറയും നിലവിളക്കുമായി ഭഗവാനെ സ്വീകരിക്കും. അഞ്ചാനകളോടെയുള്ള പഞ്ചവാദ്യ എഴുന്നള്ളിപ്പ് കുട്ടന്‍കുളം പന്തലിലെത്തിയാല്‍ ചെമ്പട വക കൊട്ടി പാണ്ടിമേളം ആരംഭിക്കും. ക്ഷേത്രം കിഴക്കേ നടയില്‍ പാണ്ടി അവസാനിപ്പിച്ച് രൂപകം കൊട്ടി ക്ഷേത്രത്തില്‍ കടന്ന് പഞ്ചാരിമേളത്തോടെ പ്രദക്ഷിണം നടത്തുന്നു. അകത്ത് കടന്നാല്‍ ബാക്കി 12 പ്രദക്ഷിണം പൂര്‍ത്തിയാക്കി കൊടിക്കല്‍ പറ നടത്തുന്നു. കൊടിയിറക്ക് കര്‍മം നിര്‍വഹിച്ച് ഭഗവാനെ അകത്തേക്കെഴുന്നള്ളിക്കുന്നു. നാളെ ക്ഷേത്രത്തിനകത്ത് ആറാട്ട് കലശം നടത്തും. ഇതോടെ 10 ദിവസം നീണ്ടു നില്ക്കുന്ന സംഗമപുരിയിലെ ഉല്‍സവത്തിന് പരിസമാപ്തിയാകും.
കൂടല്‍മാണിക്യത്തില്‍ ഇന്ന്- ആറാട്ട്
രാവിലെ 8.30 നു ആറാട്ടിന് എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് ഒരുമണിക്ക് ആറാട്ട് കൂടപ്പുഴ ആറാട്ടുകടവില്‍, വൈകീട്ട് അഞ്ചിനു തിരിച്ചെഴുന്നള്ളിപ്പ്, രാത്രി 8.30 നു കോങ്ങാട് മധുവും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, പാണിമേളം, തുടര്‍ന്ന് അകത്തേക്ക് എഴുന്നള്ളിപ്പ്, കൊടിക്കല്‍പറ (കാണിക്കയിടല്‍ പ്രധാനം) എന്നിവ നടക്കും.