കനത്ത മഴയില്‍ മതിലിടിഞ്ഞ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ നാലു വീടുകള്‍ അപകടാവസ്ഥയില്‍
ഇരിങ്ങാലക്കുട: കനത്ത മഴയില്‍ മതിലിടിഞ്ഞ് വീണ് നാലു വീടുകള്‍ അപകടാവസ്ഥയിലായി. നഗരസഭ 13 ാം വാര്‍ഡില്‍ ആസാദ് റോഡിന്റെ കിഴക്കേ അറ്റത്തുള്ള വേളാങ്കണ്ണി നഗറില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് വീടുകളുടെ പുറകിലുള്ള പന്ത്രണ്ട് അടിയോളം ഉയരമുള്ള മതില് ഇടിഞ്ഞ് വീണത്. വീടുകളുടെ തറകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 2006 ല്‍ ഭവനരഹിതരായ അഞ്ചു കുടുംബങ്ങള്‍ക്ക് ഡോ. ലോനപ്പന് അമ്പൂക്കന് നിര്‍മിച്ചു നല്കിയ വീടുകളാണ് വേളാങ്കണ്ണി നഗറില്‍ ഉള്ളത്. ഇതില്‍ പടമാടന് പോള്‍, കടങ്ങോട്ട് ആനി, കോട്ടോളി ആനി, പയ്യപ്പിളളി എല്‍സി എന്നിവര്‍ താമസിക്കുന്ന നാലു വീടുകളാണ് ഇപ്പോള്‍ അപകടാവസ്ഥയില്‍ ആയിട്ടുള്ളത്. അപകട ഭീഷണിയെ തുടര്‍ന്ന് അംഗന്‍വാടിയിലേക്കും ബന്ധുവീടുകളിലേക്കുമായി ഇവര്‍ മാറിക്കഴിഞ്ഞു. വീടുകളുടെ പുറകില്‍ കൂടുതല്‍ മണ്ണിടിയാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് റവന്യു അധികൃതരും വീടുകള്‍ നിര്‍മിച്ചു നല്കിയ ഡോ. ലോനപ്പന് അമ്പൂക്കന്റെ ബന്ധുക്കളും സ്ഥലം സന്ദര്‍ശിച്ചു. നാലു വീടുകളിലായി കുട്ടികള്‍ അടക്കം പത്തു പേരാണ് ഇവിടെ താമസിക്കുന്നത്. ബോയ്സ് സ്കൂളില്‍ ആരംഭിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇവരെ മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചു.