തീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങള്‍ക്കായി അസിസ്റ്റീവ് വില്ലേജുകള്‍ ഒരുക്കും: മന്ത്രി
ഇരിങ്ങാലക്കുട: തീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒന്നിച്ചു താമസിക്കുന്നതിനുള്ള അസിസ്റ്റീവ് വില്ലേജുകള്‍ സംസ്ഥാനത്ത് ഒരുക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. ലോക സെറിബ്രല്‍ പാള്‍സി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുട നിപ്മറില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എല്ലാ പിന്തുണ സംവിധാനങ്ങളുമുള്ള ഇത്തരം വില്ലേജുകള്‍ എല്ലാ ജില്ലകളിലും ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 24 മണിക്കൂറും കുഞ്ഞുങ്ങളോടൊപ്പം കഴിയുന്ന അച്ഛനമ്മമാര്‍ക്ക് അത്യാവശ്യകാര്യങ്ങള്‍ ചെയ്യുന്നതിനും തൊഴിലുകളില്‍ ഏര്‍പ്പെടുന്നതിനും കഴിയുംവിധത്തില്‍ വില്ലേജുകളില്‍ സ്വയംതൊഴില്‍ സംവിധാനങ്ങള്‍ സജീകരിക്കാന്‍ ഇതിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളില്‍ മികവു തെളിയിച്ച സെറിബ്രല്‍ പാള്‍സി ബാധിതരായ സി.എം. അബ്ദുള്‍ ഹമീദ്, പി.ജി. മുഹമ്മദ് ഷുഹൈബ്, കെ.പി. ശ്യാം മോഹന്‍, അമല്‍ ഇക്ബാല്‍, ടി.എസ.് മുഹമ്മദ ഷഹീദ് എന്നിവര്‍ക്ക് മന്ത്രി ഫലകം നല്കി ആദരിച്ചു. നിപ്മര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ മേരി ഐസക്, നിപ്മര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സെറിബ്രല്‍ പാള്‍സി, പ്രശ്നങ്ങളും പരിഹാരങ്ങളും വിഷയത്തില്‍ പീഡിയാട്രിക് ന്യൂറോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ദര്ശന് ജയറാം ദാസ് രക്ഷിതാക്കള്‍ക്കായി ബോധവല്കരണ ക്ലാസ് എടുത്തു. സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികളിലെ അസ്ഥിസംബന്ധമായ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ പീഡിയാട്രിക് ഓര്‍ത്തോപീഡിക് സര്ജന്മാരായ ഡോ. അശോക് എന്‍. ജൊഹാരി, ഡോ. രത്ന മഹേശ്വരി, ഡോ. ടി.ആര്. ഈശ്വര്‍ എന്നിവര്‍ പങ്കെടുത്ത സെമിനാറും നടന്നു.