നെല്‍പാടത്ത് ലോകകപ്പും കഥകളി മുദ്രയും കേരള ഭൂപടവുമൊരുക്കി മൂര്‍ക്കനാട് യുവകര്‍ഷകര്‍
മൂര്‍ക്കനാട്: മൂര്‍ക്കനാട് സ്വദേശികളായ ഏറാട്ടുപറമ്പില്‍ ജോഷിയും കരിയാട്ടില്‍ സിജോയും ചേര്‍ന്ന് കരുവന്നൂര്‍ പൈങ്കിളി പാടത്ത് മൂര്‍ക്കനാട് ഭാഗത്ത് നെല്‍കൃഷിക്കിടയില്‍ തീര്‍ത്ത ദൃശ്യവിസ്മയമാണിത്. പച്ചയും കടുത്ത വയലറ്റ് ഞാറുകളും പ്രത്യേക രീതിയില്‍ ഇടകലര്‍ത്തി നട്ടു വളര്‍ത്തി വലുതാക്കിയാണ് ഈ യുവ കര്‍ഷകര്‍ പാടത്ത് ഈ അത്ഭുതം വിരിയിച്ചത്. തൃശൂര്‍ ജില്ലയില്‍ ആദ്യമായാണ് പാഡി ആര്‍ട്ട് എന്ന ഈ വിസ്മയ വിദ്യ ഒരുക്കിയത്. നാസര്‍ ബാത്ത്, കാലാബാത്ത് എന്നീ വിത്തിനങ്ങളാണ് ഇവര്‍ പാഡി ആര്‍ട്ട് ഒരുക്കാന്‍ ഉപയോഗിച്ചത്. വയനാട് സ്വദേശിയും പ്രമുഖ ജൈവകര്‍ഷകനുമായ ജോണ്സണ് മാസ്റ്ററില്‍ നിന്നാണ് വിത്തുകള്‍ ശേഖരിച്ചത്. സാധാരണ വിത്തിനങ്ങളേക്കാള്‍ പല മടങ്ങ് വില കൂടുതലാണ് ഈ വിത്തിനങ്ങള്‍ക്ക്. കേരളത്തിന്റെ ഭൂപടം, ഖത്തര്‍ വേള്‍ഡ് കപ്പ് 2022, കഥകളി മുദ്ര എന്നിവയും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രി ആര്. ബിന്ദു ടീച്ചര്‍ നടപ്പാക്കുന്ന പച്ചക്കുടയുടെ മുദ്രയുമാണ് ഇവര്‍ പാടത്ത് വരച്ചെടുത്ത പോലെ ജീവന് നല്കി വലുതാക്കിയത്. പുത്തന്‍തോടുള്ള ആര്‍ട്ടിസ്റ്റ് രവിയാണ് പാടത്ത് ഈ മാതൃകകള്‍ ഒരുക്കുന്നതിനുള്ള രൂപരേഖ വിത്തിടുന്നതിന് മുമ്പ് വരച്ച് തയ്യാറാക്കിയത്.