വടക്കുംകര ഗവ യുപി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
കല്‍പ്പറമ്പ്: സമഗ്ര ശിക്ഷാ കേരളയുടെ പ്രീ പ്രൈമറി വിഭാഗ വികസന പരിപോഷണ പരിപാടിയായ സ്റ്റാര്‍സ് പദ്ധതിപ്രകാരം പത്ത് ലക്ഷം രൂപ വടക്കുംകര ഗവ യുപി സ്കൂളിന് ലഭിച്ചു. സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിനായി പ്രത്യേക പ്രവര്‍ത്തനയിടങ്ങള്‍ ഒരുക്കാനാണ് ഈ ഫണ്ട് ഉപയോഗപ്പെടുത്തുന്നത്. സ്കൂളിനെ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക ശിശുസൗഹൃദ പാര്‍ക്കും ക്രമീകരിക്കും. ഭാഷായിടം, ഗണിതയിടം, ശാസ്ത്രയിടം, ഹരിതോദ്യാനം, വരയിടം തുടങ്ങിയ 13 പ്രവര്‍ത്തനയിടങ്ങളാണ് പ്രീ പ്രൈമറി വിഭാഗത്തില്‍ നടത്തുന്നത്. വിദ്യാലയത്തില്‍ നടന്ന സംഘാടകസമിതി യോഗത്തില്‍ പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷനായി. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കത്രീനാ ജോര്‍ജ്, പഞ്ചായത്തംഗം ജൂലി ജോയി, പ്രധാനാധ്യാപകന് ടി.എസ്. സജീവന്, എസ്ആര്‍ജി കണ്‍വീനര്‍ ടി.വി. മണി, എസ്എംസി ചെയര്മാന് വി.സി. ജിനേഷ് എന്നിവര്‍ പ്രസംഗിച്ചു. വെള്ളാങ്കല്ലൂര്‍ ബിആര്‍സിയുടെ ബിപിസി ഗോഡ്വിന് റോഡ്രിഗ്സ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ചെയര്‍മാനും പ്രധാനാധ്യാപകന് ടി.എസ്. സജീവന് കണ്‍വീനറുമായി 101 അംഗ സംഘാടകസമിതി രൂപവല്കരിച്ചു.