കോതറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പൈപ്പ് തകര്‍ന്നു
പമ്പിംഗ് തടസപ്പെട്ടു; കുടിവെള്ളം മുട്ടി
എടതിരിഞ്ഞി: പടിയൂര്‍ പഞ്ചായത്തിലെ കോതറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പൈപ്പ് തകര്‍ന്നനിലയില്‍ കണ്ടെത്തി. കെഎല്‍ഡിസി കനാലില്‍നിന്ന് കോതറ കുളത്തിലേക്ക് ഇട്ടിരുന്ന വലിയ പൈപ്പാണ് ബണ്ടിലൂടെ കടന്നുപോകുന്ന ഭാഗത്ത് തകര്‍ന്നനിലയില്‍ കണ്ടെത്തിയത്. ഇതോടെ കൃഷിക്കും കുടിവെള്ളത്തിനും പ്രയോജനപ്പെടുന്ന ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പമ്പിംഗ് തടസപ്പെട്ടു. ഇതുമൂലം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളില്‍ കുടിവെള്ളക്ഷാമം ഉണ്ട്. തെങ്ങ്, വാഴ, ജാതി, കവുങ്ങ്, പച്ചക്കറികൃഷി എന്നിവ നശിച്ചുകൊണ്ടിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. രണ്ട് വാര്‍ഡുകള്‍ പൂര്‍ണമായും 13, 14 വാര്‍ഡുകളിലേക്ക് ഭാഗികമായും കാര്‍ഷിക ജലസേചനം ഒരുക്കുന്ന ഈ പദ്ധതി 2019 ജനുവരിയിലാണ് കമ്മിഷന് ചെയ്തത്. കെഎല്‍ഡിസി കനാല്‍ കോതറ പാലത്തിന് സമീപത്തുനിന്ന് ചെട്ടിയാല്‍ സെന്റര്‍ വരെ 3,800 മീറ്ററില്‍ പൈപ്പ് ലൈന്‍ വഴി എല്ലാ പറമ്പുകളിലേക്കും വെള്ളമെത്തിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഇതോടെ പ്രദേശത്തെ കടുത്ത കുടിവെള്ള പ്രശ്നത്തിനും പരിഹാരമായി. എന്നാല്‍, പൈപ്പ് തകര്‍ന്ന് പമ്പിംഗ് നിലച്ചതോടെ രണ്ടു വാര്‍ഡുകളിലെയും കുടിവെള്ളത്തിനും കൃഷിക്കും പ്രതിസന്ധിയായി.
അടിയന്തരമായി നടപടിയെടുക്കണം കോണ്‍ഗ്രസ്
എടതിരിഞ്ഞി: കോതറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പുനരാരംഭിക്കാന്‍ അധികാരികള്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ബണ്ടിലൂടെ പോയിരുന്ന പൈപ്പാണ് തകര്‍ത്തിരിക്കുന്നത്. കൃഷിക്കും കുടിവെള്ളത്തിനും പ്രയോജനകരമായ പദ്ധതി ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതിന് പിറകില്‍. മണ്ഡലം പ്രസിഡന്റ് സാജന് അച്ചങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ എ.ഐ. സിദ്ധാര്ത്ഥന്, സി.എം. ഉണ്ണികൃഷ്ണന്, എ.ഡി. റാഫേല്‍, ഒ.എന്‍. ഹരിദാസ്, എം.സി. നീലാംബരന്‍, കെ.കെ. ഷൗക്കത്തലി തുടങ്ങിയവര്‍ സംസാരിച്ചു.