കലാമണ്ഡലം കുട്ടന് ആശാനെയും കലാനിലയം ഗോപിനാഥനെയും അനുസ്മരിച്ചു
ഇരിങ്ങാലക്കുട: കഥകളി നടന്മാരും ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിലെ വേഷ അധ്യാപകരും ആയിരുന്ന കലാമണ്ഡലം കുട്ടന് ആശാനെയും കലാനിലയം ഗോപിനാഥനെയും അനുസ്മരിച്ചു. ശിഷ്യന്മാരും ഉണ്ണായിവാര്യര്‍ സ്മാരകകലാനിലയവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. സുഹൃദ് സതീര്‍ത്ഥ്യ ശിഷ്യ സംഗമത്തില്‍ കഥകളി ആചാര്യന്മാരായ സദനം കൃഷ്ണന്‍കുട്ടി, കലാനിലയം രാഘവന്, കലാനിലയം ഗോപാലകൃഷ്ണന്, കലാനിലയം ബാലകൃഷ്ണന്, സംഘാടകരായ എം. മുരളീധരന്, സദു എങ്ങൂര്, കലാമണ്ഡലം ശിവദാസ്, കലാനിലയം രാജീവ് എന്നിവര്‍ പ്രസംഗിച്ചു. കലാനിലയം ഗോപിനാഥന് രചന നിര്‍വഹിച്ച് കലാമണ്ഡലം പ്രഷീജാ ഗോപിനാഥ് ചിട്ടപ്പെടുത്തിയ മോഹിനിയാട്ടം ദ്രൗപദി അരങ്ങേറി. അനുസ്മരണ സമ്മേളനം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സെക്രട്ടറി അഡ്വ. സതീഷ് വിമലന് അധ്യക്ഷത വഹിച്ചു. കലാമണ്ഡലം കുട്ടന്റെ പേരില്‍ കലാനിലയം വാസുദേവനും ശിഷ്യരും ഏര്‍പ്പെടുത്തിയ സഹായധനം സദനം കൃഷ്ണന്‍കുട്ടി കലാനിലയം ഗോപിനാഥന്റെ കുടുംബത്തിന് കൈമാറി. കഥകളി നടന് വെള്ളിനേഴി ഹരിദാസ് കലാമണ്ഡലം കുട്ടന് അനുസ്മരണവും കര്‍ണാടക സംഗീതജ്ഞന് കോട്ടക്കല്‍ രഞ്ജിത്ത് വാരിയര്‍ കലാനിലയം ഗോപിനാഥന് അനുസ്മരണവും നടത്തി. സംഗീതനാടക അക്കാദമി ഭരണസമിതി അംഗം രേണു രാമനാഥ്, രമേശന് നമ്പീശന്, പുത്തൂര്‍ കെ. ശശി എന്നിവര്‍ പ്രസംഗിച്ചു.