കണ്ണടച്ച് ഗുരുനാഥന്, കണ്ണുനീര് പൊഴിച്ച് ശിഷ്യരും പൗരപ്രമുഖരും
ഇരിങ്ങാലക്കുട: 36 വര്‍ഷം അധ്യാപനം നടത്തിയ നാഷ്ണല്‍ സ്കൂളിലേക്ക് അവസാനമായി ഒരു വട്ടം കൂടി രാമനാഥന് മാസ്റ്റര്‍ കടന്നുവന്നു, അതും നിശ്ചലനായി. അന്തരിച്ച മുന്‍ പ്രധാനധ്യാപകനും എഴുത്തുകാരനും നോവലിസ്റ്റും ബാലസാഹിത്യകാരനുമായ കെ.വി. രാമനാഥന് മാസ്റ്ററുടെ (91) മൃതശരീരം നാഷണല്‍ സ്കൂള്‍ അങ്കണത്തിലെ വേദിയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ശിഷ്യരും പൗരപ്രമുഖരും ആദരാഞ്ജലികളര്‍പ്പിച്ചു. സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ ആദരാഞ്ജലികളര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. രാമനാഥന് മാസ്റ്ററുടെ ശിഷ്യനും പിന്നണിഗായകനുമായ പി. ജയചന്ദ്രന്, മന്ത്രി ഡോ. ആര് ബിന്ദു, നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, സെന്റ് ജോസഫ്സ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസി, സ്കൂള്‍ മാനേജര്‍ വി.പി.ആര്. മേനോന്, നഗരസഭ വൈസ് ചെര്‍മാന്‍ ടി.വി. ചാര്‍ളി, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം സെക്രട്ടറി സതീശ് വിമലന്, മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന്, കാര്‍ട്ടൂണിസ്റ്റ് സി. മോഹന്‍ദാസ്, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, കേരള ഫീഡ്സ് ചെയര്മാന് കെ. ശ്രീകുമാര്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. വൈകീട്ട് നാലു മണിക്ക് മുക്തിസ്ഥാനില്‍ സംസ്കാരം നടന്നു.