മന്ത്രി രാധാകൃഷ്ണന് കെ.വി. രാമനാഥന് മാസ്റ്ററുടെ വസതി സന്ദര്‍ശിച്ചു
ഇരിങ്ങാലക്കുട: കുട്ടികളില്‍ ശാസ്ത്രബോധവും യുക്തിചിന്തയും മാനവികതയും വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന മികച്ച ബാലസാഹിത്യ കൃതികള്‍ മലയാള ഭാഷയ്ക്ക് സംഭാവന ചെയ്യുവാന്‍ കെ.വി. രാമനാഥന് മാസ്റ്റര്‍ക്ക് കഴിഞ്ഞുവെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു.കഴിഞ്ഞദിവസം അന്തരിച്ച പ്രശസ്ത ബാലസാഹിത്യകാരനും ഗ്രന്ഥശാല പ്രവര്‍ത്തകനുമായിരുന്ന കെ.വി. രാമനാഥന് മാസ്റ്ററുടെ വസതി സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. എഴുത്തുകാരന് എന്നനിലയില്‍ സമൂഹത്തോട് കാണിക്കേണ്ട കടമകള്‍ നിറവേറ്റിയാണ് മാഷ് യാത്ര പറഞ്ഞതെന്ന് മന്ത്രി അനുസ്മരിച്ചു. കുട്ടികളുടെ മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരോടൊപ്പം സഞ്ചരിച്ചു കഥകള്‍ എഴുതി നാട് എന്നും സ്മരിക്കും. രാമനാഥന് മാസ്റ്ററുടെ പത്നി രാധ ടീച്ചറെയും, മക്കളായ രേണു രാമനാഥ്, ഇന്ദു കല, മരുമകന് അഡ്വ. അജയ് കുമാര്‍, പേരക്കുട്ടി അനന്തകൃഷ്ണന് എന്നിവരെ നേരില്‍കണ്ട് മന്ത്രി അനുശോചനം അറിയിച്ചു. സിപിഎം നേതാക്കളായ ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ.ആര്. വിജയ, ജയന് അരിമ്പ്ര എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.