കല്ലേറ്റുംകരയിലെ എന്‍ഐപിഎംആര്‍ ആരംഭിക്കാൻ സ്ഥലം സര്‍ക്കാരിന് നല്കിയ എന്‍.കെ. ജോര്‍ജ് അന്തരിച്ചു
ഇരിങ്ങാലക്കുട: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ഇരിങ്ങാലക്കുടക്ക് സമീപം കല്ലേറ്റുംകരയില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രശസ്ത സ്ഥാപനമായ എന്‍ഐപിഎംആര്‍ ആരംഭിക്കാനായി സ്ഥലവും ബഹുനില കെട്ടിടങ്ങളും സൗജന്യമായി സര്‍ക്കാരിന് നല്കിയ വല്ലക്കുന്ന് നേരെപറമ്പില്‍ പരേതനായ കൊച്ചുമാത്യു മകന് ജോര്‍ജ് (83) അന്തരിച്ചു. വല്ലക്കുന്നിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് വിയോഗം. ഭിന്നശേഷിക്കാര്‍ക്കുള്ള പ്രശസ്ത സ്ഥാപനമായ കല്ലേറ്റുംകരയിലെ എന്‍ഐപിഎംആര്‍ നടത്തിപ്പിന് നാലേകാല്‍ ഏക്കര്‍ സ്ഥലവും 42000 സ്ക്വയര്‍ ഫീറ്റ് കെട്ടിടവും ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി സൗകര്യങ്ങളും സ്പെഷ്യല്‍ സ്കൂളും കൃത്രിമ കൈ കാല് നിര്‍മാണ യൂണിറ്റും ഉള്‍പ്പെടെയുള്ള 20 കോടി രൂപ വിലമതിക്കുന്ന സംവിധാനങ്ങളും 2012 ലാണ് സൗജന്യമായി സര്‍ക്കാരിന് കൈമാറിയത്. സ്വന്തമായി ഒരു ആശുപത്രി ആരംഭിക്കാനായി പണികഴിപ്പിച്ച കെട്ടിടമായിരുന്നു ആ കാലത്ത് സൗജന്യമായി സര്‍ക്കാരിന് കൈമാറിയത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം സ്ഥാപിച്ചതാണ് എന്‍.കെ. മാത്യു ചാരിറ്റബിള്‍ ട്രസ്റ്റ്. ദീര്‍ഘകാലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പ്രതിമാസം സാമ്പത്തിക സഹായം ചെയ്തിരുന്നു. മദര്‍ തെരേസയുടെ ജീവിതകാലത്ത് അദ്ദേഹവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 1960 ല്‍ ലഭിച്ച ആദ്യശമ്പളം തുടങ്ങി ആശുപത്രി നിര്‍മാണം ആരംഭിക്കുന്ന 1993 വരെ (33 വര്‍ഷം) മാസം തോറും വരുമാനത്തിന്റെ നിശ്ചിത ശതമാനം മദറിന് സംഭാവനയായി നല്‍കിയിരുന്നു. വ്യവസായ മേഖലയിലും സാമൂഹിക ജീവകാരുണ്യ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു എന്‍.കെ. ജോര്‍ജ്. പുല്ലൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ലോക ഭിന്നശേഷി ദിനത്തില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ബിന്ദു ആശുപത്രിയിലെത്തി ആദരിച്ചിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് എന്‍ഐപിഎംആറില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് കല്ലേറ്റുംകര ഇന്‍ഫന്റ് ജീസസ് ദേവാലയത്തില്‍ നടക്കും. ഭാര്യ: പരേതയായ മറിയാമ്മ. മക്കള്‍: ഡോ. വിവേക് ജോര്‍ജ്ജ് (ഗോകുലം ഹോസ്പിറ്റല്‍, തിരുവനന്തപുരം), ഡോ ഡിംപിള്‍ ജോര്‍ജ്ജ് (കുസുമഗിരി ഹോസ്പിറ്റല്‍, കാക്കനാട്), ആനന്ദ് ജോര്‍ജ്ജ് (എന്‍ജിനീയര്‍, മുംബൈ). മരുമക്കള്‍: കെ.എം. ബീനാ മോള് (ഒളിമ്പ്യന്‍), ഡോ. സാജു (കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റ്), നിക്കോളിന് ലോബോ (എന്‍ജിനീയര്‍, മുംബൈ).