ഖരമാലിന്യപരിപാലന പദ്ധതികള്‍ക്ക് ഇരിങ്ങാലക്കുട നഗരസഭ യോഗത്തിന്റെ അംഗീകാരം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയുടെ 2023-24 വര്‍ഷത്തെ ഖരമാലിന്യപരിപാലന പദ്ധതികള്‍ക്ക് നഗരസഭയോഗത്തിന്റെ അംഗീകാരം. 1.86 കോടി രൂപയുടെ എട്ട് പദ്ധതികളാണ് അടിയന്തര നഗരസഭ യോഗം അംഗീകരിച്ചത്. മാലിന്യങ്ങള്‍ വലിച്ചെറിയുന്നതായി കണ്ടെത്തിയിട്ടുള്ള നഗരസഭ പരിധിയിലെ നാല്പത് കേന്ദ്രങ്ങളില്‍ സിസി ക്യാമറകള്‍ സ്ഥാപിക്കല്‍, ഹരിത കര്‍മ്മസേനക്ക് എട്ട് ഇ ഓട്ടോ, മാലിന്യ ശേഖരണത്തിന് ടിപ്പര്‍, ഹില്‍ പാര്‍ക്കില്‍ ഓഫീസ്, അടുക്കള, ടോയ്ലറ്റ് എന്നിവയ്ക്കായി കെട്ടിട നിര്‍മ്മാണം, വുഡ് ഷ്രെഡര്‍ മെഷീന് തുടങ്ങിയ പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആളുകള്‍ കൂടുന്ന ക്ഷേത്രം, പള്ളി, കമ്പനികള്‍ തുടങ്ങിയ ഇടങ്ങളിലും പ്രസ്തുത സംവിധാനങ്ങള്‍ വേണമെന്നും കൂടല്‍മാണിക്യം ദേവസ്വം പറമ്പില്‍ ആനപ്പിണ്ടവും പ്ലാസ്റ്റിക്കും കത്തിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെ നേത്യത്വത്തില്പരിശോധിക്കണമെന്നും വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്‍ ബിജെപി അംഗം സന്തോഷ് ബോബന് ആവശ്യപ്പെട്ടു. നാലമ്പല ദര്‍ശനത്തിനായി അഭൂതപൂര്‍വമായ തിരക്കിനാണ് ക്ഷേത്രം സാക്ഷ്യം വഹിക്കുന്നതെന്നും വീഴ്ചകള്‍ ഉണ്ടെങ്കില്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും വൈസ് ചെയര്മാന് ടി.വി. ചാര്‍ലി പറഞ്ഞു. എന്നാല്‍ കൂടല്‍മാണിക്യ ക്ഷേത്രത്തിന് എതിരായി കുറച്ച് നാളുകളായി ബിജെപി അംഗം ഗൂഡാലോചന നടത്തുകയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എല്‍ഡിഎഫ് അംഗം അഡ്വ. കെ.ആര്. വിജയയും ബിജെപിയുടെ രാഷ്ട്രീയം ദേവസ്വത്തില്‍ നടക്കില്ലെന്ന് എല്‍ഡിഎഫ് അംഗം സി.സി. ഷിബിനും പറഞ്ഞതോടെ യോഗം ഇരുകൂട്ടരും തമ്മിലുള്ള വാക്പോരില്‍ കലാശിച്ചു. എല്ലാ കൗണ്‍സിലര്‍മാര്‍ക്കും നിരവധി പരാതികള്‍ ലഭിക്കാറുണ്ടെന്നും ഇവ സ്വീകരിക്കാന്‍ നഗരസഭയില്‍ നിയമപരമായ സംവിധാനങ്ങള്‍ ഉണ്ടെന്നും കൗണ്‍സിലില്‍ അല്ല ഇവ ഉന്നയിക്കേണ്ടതെന്നും ഏതെങ്കിലും സ്ഥാപനത്തെയോ വ്യക്തിയെയോ തരംതാഴ്ത്തി സംസാരിക്കുന്ന ശൈലി ശരിയല്ലെന്നും തര്‍ക്കത്തില്‍ ഇടപെട്ട് കൊണ്ട് ചെയര്‍പേഴ്സണ്‍ പറഞ്ഞു. ദേവസ്വത്തിന് ബിജെപി എതിരാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്ന് ബിജെപി അംഗം ടി.കെ. ാജുവും നഗരസഭയില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാതെ പ്രവര്‍ത്തിക്കുന്നത് ബിജെപി മാത്രമാണെന്ന് സന്തോഷ് ബോബനും പറഞ്ഞു. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു.