ഓണ്‍ലൈന്‍ തട്ടിപ്പ്; ദമ്പതികളുടെ പക്കല്‍ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശി പിടിയില്‍
ഇരിങ്ങാലക്കുട: വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിലൂടെ വന്‍തോതില്‍ പണം സമ്പാദിക്കാം എന്ന് വിശ്വസിപ്പിച്ച് തൃശൂര്‍ സ്വദേശിയുടേയും ഭാര്യയുടേയും പക്കല്‍ നിന്ന് വിവിധ കാലയളവിലായി 43 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസിന്റെ പിടിയിലായി. മലപ്പുറം കടപ്പാടി സ്വദേശി പൂതംകുറ്റി വിട് ഷാജഹാന് എന്നയാളാണ് സൈബര്‍ പോലീസിന്റെ പിടിയിലായത്.
ഷെയര്‍ കണ്‍സള്‍ട്ടന്റാണെന്നും ഓണലൈന് ട്രേഡിംഗിലൂടെ പണം സമ്പാദിക്കുന്നതിന് ട്രെയനിംഗ് നല്‍കാമെന്നും മറ്റുമുള്ള വിശ്വാസിയയോഗ്യമായ വീഡിയോകള്‍ ഫേസ്ബുക്കിലൂടെ കണ്ട ആവലാതിക്കാരന് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി പരസ്യത്തില്‍ കാണിച്ചിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തതാണ് തട്ടിപ്പിന്റെ തുടക്കം. ലിങ്കില്‍ ക്ലിക്ക് ചെയ്ത ആവലാതിക്കാരനെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കുകയും തുടര്‍ന്ന് ട്രേഡിംഗിനെപറ്റിയുള്ള വീഡിയോകള്‍ അയച്ച് കൊടുത്ത് വിശ്വസിപ്പിക്കുകയും ട്രേഡിംഗിനാണെന്ന വ്യാജേന മൊബൈലില്‍ ഒരു ആപ്ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട പ്രകാരം ട്രേഡിംഗ് ചെയ്യുന്നതിനായി പ്രതികള്‍ അയച്ച് കൊടുത്ത അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയും ആയതിന്റെ ലാഭമെന്നോണം നേരത്തേ ഇന്‍സ്റ്റാള്‍ ചെയ്ത അപ്ളിക്കേഷനില്‍ പണം വന്നതായി ഡിസ്പ്ളേ ചെയ്ത് കാണിച്ച് വിശ്വസിപ്പിക്കുകയും ചെയ്തു. ഇത്തരത്തില്‍ ആദ്യം കാണിച്ച തുകകള്‍ ആവലാതിക്കാര്‍ക്ക് പിന്‍വലിക്കാന്‍ സാധിച്ചു. അപ്രകാരം വിശ്വാസം ആര്‍ജ്ജിച്ച ശേഷം പല കാലയളവിലായി ട്രേഡിംഗിനാണെന്ന വ്യജേനെ 43 ലക്ഷം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ ആവലാതിക്കാരെ കൊണ്ട് നിക്ഷേപിക്കുകയായിരുന്നു.
നിക്ഷേപിച്ച പണം കൊണ്ട് ട്രേഡിംഗ് നടത്തി ലഭിച്ച തുകയാണെന്ന വ്യാജേന ട്രേഡിംഗ് വാലറ്റില്‍ വന്‍തുകകള്‍ കാണിച്ചിരുന്നവെങ്കിലും ആയത് പിന്‍വലിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ആയതിനെ പറ്റി ആവലാതിക്കാര്‍ ചോദ്യം ചെയ്യുകയും പണം പിന്‍വലിക്കുന്നതിന് ടാക്സ് ഇനത്തില്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ചതി മനസിലാക്കിയ ആവലാതിക്കാര്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ഇത്തരത്തില്‍ പണം തട്ടിയെടുക്കുന്നതിന്മലപ്പുറം സ്വദേശികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ തരപ്പെടുത്തികൊടുക്കുകയും ഈ അക്കൗണ്ടുകളില്‍ വന്ന പണം പിന്‍വലിച്ച് കമ്മീഷന് വ്യവസ്ഥയില്‍ തട്ടിപ്പ്കാര്‍ക്ക് കൈമാറിയതിനുമാണ് ഷാജഹാന് അറസ്റ്റിലായത്. ഇയാള്‍ ഉള്‍പ്പടെ കൂടുതല്‍പേര്‍ ഇപ്രകാരം തട്ടിപ്പുകാര്‍ക്ക് സഹായം ചെയ്തുകൊടുത്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി നവനീത് ശര്‍മ്മ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വര്‍ഗീസ് അലക്സാണ്ടര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്. അന്വേഷണ സംഘത്തില്‍ സൈബര്‍ക്രൈം പോലീസ് സ്റ്റേഷന് എസ്ഐമാരായ ബെന്നി ജോസഫ്, സി.എം. തോമസ്, സീനിയര്‍ സിപിഒമാരായ വി.ജി. അനൂപ് കുമാര്‍, എ.കെ. മനോജ്, കെ.ടി. ബിജു വനിതാ പോലീസ് സ്റ്റേഷന് സീനിയര്‍ സിപിഒ സിന്ധു എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.