ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യം: മന്ത്രി ഡോ. ആർ. ബിന്ദു
ഇരിങ്ങാലക്കുട: ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യം: മന്ത്രി ഡോ. ആർ. ബിന്ദു. നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സ്നേഹക്കൂട് ഭവനനിർമ്മാണ പദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ താക്കോൽ കൈമാറ്റം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സഹകരണത്തോടെ നിർമ്മിച്ചുനൽകുന്ന സ്നേഹക്കൂടാണ് കാട്ടുങ്ങച്ചിറ കോക്കാനിക്കാട് സ്വദേശിനിക്ക് കൈമാറിയത്.
ജില്ലയിലെ 116 എൻഎസ്എസ് യൂണിറ്റുകളെ ഏകോപിപ്പിച്ച് നടത്തിയ സ്ക്രാപ്പ് ചാലഞ്ച്, ബിരിയാണി ചാലഞ്ച്, വിവിധ ഉത്പന്നങ്ങളുടെ നിർമ്മാണവിതരണ ചലഞ്ചുകൾ എന്നിവ വഴിയും നിരവധി സുമനസ്സുകളുടെ സഹായസഹകരണങ്ങളിലൂടെയും സമാഹരിച്ച വിഭവങ്ങൾ കൊണ്ടാണ് പദ്ധതി യഥാർത്ഥ്യമാക്കിയത്. സാങ്കേതിക കാരണങ്ങളാൽ മറ്റു ഭവനനിർമ്മാണ പദ്ധതികളിൽ ഉൾപ്പെടാൻ കഴിയാതെ പോയവരെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കാനാണീ പദ്ധതിയെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
മുൻസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക്, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ജൂബി കെ. ജോയ്, സ്കൂൾ മാനേജർ റവ.ഡോ. ലാസർ കുറ്റിക്കാടൻ, വാർഡ് കൗൺസിലർ എം.ആർ. ഷാജു, എൻഎസ്എസ് ജില്ലാ കോഡിനേറ്റർ എം.വി. പ്രതീഷ്, ഡോ. എൻ. രാജേഷ്, ഫെനി എബിൻ, എ.എ. തോമസ്, ഒ.എസ്. ശ്രീജിത്ത്, സൂര്യ തേജസ്, ഇ.ആർ. രേഖ, ഇ.എസ്. ശ്രീകല തുടങ്ങിയവർ സംസാരിച്ചു.