കരിക്ക് കട പൊളിച്ചു; പൊതുമരാമത്ത് ഓഫീസിന് മുന്നില്‍ വീട്ടമ്മയുടെയും കുടുംബാംഗങ്ങളുടെയും പ്രതിഷേധം
ഇരിങ്ങാലക്കുട: റോഡിനോട് ചേര്‍ന്ന് കരിക്ക് കച്ചവടം നടത്താന്‍ ഉപയോഗിച്ചിരുന്ന കട അന്യായമായി പൊളിച്ച് നീക്കിയെന്ന് ആരോപിച്ച് പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നില്‍ വീട്ടമ്മയുടെയും കുടുംബാംഗങ്ങളുടെയും പ്രതിഷേധം. പൊറത്തിശേരി ചെട്ടിത്തൊടി വീട്ടില്‍ ശിവദാസിന്റെ ഭാര്യ രമ്യയും കുടുംബാംഗങ്ങളുമാണ് പിഡബ്ല്യുഡി ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്.
കാറളം പഞ്ചായത്തില്‍ കിഴുത്താണിയിലാണ് റോഡിനോട് ചേര്‍ന്ന് രമ്യ കച്ചവടം നടത്തിയിരുന്നത്. വര്‍ഷങ്ങളായി താന്‍ ഇവിടെ കച്ചവടം നടത്തി വരികയായിരുന്നുവെന്നും അപകടത്തെ തുടര്‍ന്ന് എട്ട് മാസങ്ങളോളം മാറി നില്‍ക്കേണ്ടി വന്നുവെന്നും ഈ വര്‍ഷം ഫെബ്രുവരിയില്‍ വീണ്ടും ആരംഭിച്ചതാണെന്നും എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി കട പൊളിച്ച് നീക്കിയെന്നും രമ്യ പറഞ്ഞു.
കച്ചവടം നടത്താന്‍ അനുവദിക്കണമെന്നും കട പൊളിച്ച് നീക്കിയ ഇനത്തില്‍ 30000 രൂപയുടെ നഷ്ടം ഉണ്ടായെന്നും ഇത് അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ഇത് സംബന്ധിച്ച പരാതി ഉണ്ടായിരുന്നുവെന്നും നിയമവിരുദ്ധമായി പൊതുമരാമത്ത് റോഡിനോട് ചേര്‍ന്ന് ഇവര്‍ ഷെഡ് കെട്ടിയെന്നും മുന്‍കൂട്ടി നോട്ടീസ് നല്കിയിട്ടാണ് നടപടി സ്വീകരിച്ചതെന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
വകുപ്പില്‍ നിന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് മണിയോടെ പോലീസ് എത്തി ഓഫീസിന് മുന്നില്‍ സമരം നടത്താന്‍ കഴിയില്ലെന്ന് ഇവരോട് പറഞ്ഞു. നീതി ലഭിക്കുന്നത് വരെ സമരം കിഴുത്താണിയില്‍ തുടരുമെന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് രമ്യയും വീട്ടുകാരും ഓഫീസിന് മുന്നിലെ സമരം നിറുത്തി വച്ച് മടങ്ങുകയായിരുന്നു.