അമ്മന്നൂര്‍ ഗുരുകുലത്തില്‍ കഥകളിക്ലബ്ബ് കെ.വി. ചന്ദ്രന് അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട: നാടിന്റെ ഓരോതുടിപ്പിലും കയ്യൊപ്പ് പതിച്ചിട്ടുള്ള ചന്ദ്രേട്ടന് എന്നേവരും വിളിക്കുന്ന, ഡോക്ടര്‍ കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് സെക്രട്ടറിയായിരുന്ന കെ വി ചന്ദ്രന്റെ ദേഹവിയോഗത്തിന്റെ രണ്ടാംവര്‍ഷത്തില്‍ അമ്മന്നൂര്‍ ഗുരുകുലത്തില്‍ കഥകളിക്ലബ്ബ് ഒരുക്കിയ അനുസ്മരണം ഏറേ ഹൃദയസ്പര്‍ശിയായി. കൂടിയാട്ടാചാര്യന്‍ വേണുജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് സാമൂഹ്യനീതി വകുപ്പ് മന്ത്രിഡോ. ആര് ബിന്ദു ഉദ്ഘാടനം നടത്തി.
കഥകളി ആചാര്യന് ഡോ. സദനം കൃഷ്ണന്‍കുട്ടി അനുസ്മരണം നടത്തി. കൂടല്‍മാണിക്ക്യം ദേവസ്വം ചെയര്മാന് അഡ്വ.് സി കെ ഗോപി, ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം വൈസ് പ്രസിഡന്റ് കെ കെ കൃഷ്ണന് നമ്പൂതിരി, ഐ ടി യു ബാങ്ക് ചെയര്മാന് എം പി ജാക്സണ്, നാദോപാസന പ്രസിഡന്റ് സോണിയഗിരി, വാര്യര്‍സമാജം സംസ്ഥാനസെക്രട്ടറി എ സി സുരേഷ്, വിനോദ് സി കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഡോ. കെ പ്രദീപ്കുമാര്‍ നിര്‍മിച്ച,
സി വിനോദ് കൃഷ്ണന് ആശയവും ആവിഷ്കാരവും നടത്തിയ, അനിയന് മംഗലശ്ശേരി രചിച്ച കെ വി ചന്ദ്രനെക്കുറിച്ചുള്ള ഡോക്യുമെന്ററി പൂര്‍ണ്ണചന്ദ്രം പ്രദര്‍ശിപ്പിച്ചു. ശേഷം അരങ്ങേറിയ ബാണയുദ്ധം കഥകളിയില്‍ കോട്ടയ്ക്കല്‍ പ്രദീപ് ചിത്രലേഖയായും കലാമണ്ഡലം പ്രവീണ്‍ ഉഷയായും വേഷമിട്ടു. കലാമണ്ഡലം വിശ്വാസ്, കലാമണ്ഡലം വിനീഷ് എന്നിവര്‍ സംഗീതവും ആര്‍എല്‍വി സുദേവ് വര്‍മ്മ മദ്ദളത്തിലും ജയന് ചേന്നാസ് ഇടയ്ക്കയിലും അകമ്പടിയേകി. രംഗഭൂഷ, ഇരിങ്ങാലക്കുട ചമയമൊരുക്കി.