മേരിക്കുട്ടി ജോയി ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍
ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് രണ്ടാം തവണ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണ സാരഥ്യം യുഡിഎഫിലെ മേരിക്കുട്ടി ജോയ്ക്ക്. കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മേരിക്കുട്ടി ജോയ്ക്ക് 17 ഉം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ.ആര്. വിജയയ്ക്ക് 15 ഉം വോട്ട് ലഭിച്ചു. എട്ട് വോട്ടുകള്‍ അസാധുവായി. മേരിക്കുട്ടി ജോയ് ചെയര്‍പേഴ്സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടതായി റിട്ടേണിംഗ് ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ (എല്‍ ആന്‍ഡ് എ) കെ. ശാന്തകുമാരി പ്രഖ്യാപിച്ചു.
ഭരണകക്ഷിയായ യുഡിഎഫിലെ ധാരണപ്രകാരം സുജ സഞ്ജീവ്കുമാര്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം രാജി വച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 41 അംഗ ഭരണസമിതിയില്‍ യുഡിഎഫിന് 17 നും എല്‍ഡിഎഫിന് 16 ഉം ബിജെപിക്ക് 8 ഉം അംഗങ്ങള്‍ ആണുള്ളത്. നിലവിലെ ഭരണസമിതിയുടെ അവശേഷിക്കുന്ന പന്ത്രണ്ട് മാസങ്ങളുടെ ഭരണ സാരഥ്യമാണ് പതിനേഴാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മേരിക്കുട്ടി ജോയിയില്‍ വന്ന് ചേര്‍ന്നിരിക്കുന്നത്.
2010 15 ഭരണസമിതിയില്‍ 2014 മെയ് 12 മുതല്‍ ഒക്ടോബര്‍ 31 വരെയും മടത്തിക്കര വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മേരിക്കുട്ടി ജോയ് ചെയര്‍പേഴ്സണ്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. 17 വര്‍ഷം വിദേശത്തും 14 വര്‍ഷം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും നേഴ്സായി സേവനം ചെയ്തിരുന്നു. 2023 ജൂണില്‍ സഹകരണ ആശുപത്രി ഡെപ്യൂട്ടി നഴ്സ് മാനേജര്‍ ആയി വിരമിച്ചു. വെറ്ററിനറി സര്‍വകലാശാല റിട്ട. അസി. രജിസ്ട്രാര്‍ ജോയ് മുണ്ടാടന്‍ ആണ് ഭര്‍ത്താവ്. ഏക മകള്‍ അമേന്ദ ഐടി ഉദ്യോഗസ്ഥയും മരുമകന് ആഷീഷ് കുര്യന് (ഇന്‍ഡസ് ബാങ്ക്, മുബൈ) മുമാണ്. ചെയര്‍പേഴ്സണ്‍ ആയി ചുമതലയേറ്റ മേരിക്കുട്ടി ജോയിക്ക് വൈസ്ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍, മറ്റ് ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വോട്ട് അസാധു
ആദ്യ റൗണ്ട് തെരഞ്ഞെടുപ്പില്‍ ഇത് അനുസരിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി മേരിക്കുട്ടി ജോയ്ക്ക് 17 ഉം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ.ആര്. വിജയക്ക് 16 ഉം ബിജെപി സ്ഥാനാര്‍ഥി സ്മിത കൃഷ്ണകുമാറിന് 8 ഉം വോട്ട് ലഭിച്ചു. രണ്ടാം റൗണ്ടില്‍ ബിജെപിയുടെ എഴ് അംഗങ്ങളുടെയും എല്‍ഡിഎഫിലെ ഒരംഗത്തിന്റെയും അടക്കം 8 വോട്ടുകള്‍ അസാധുവായി.
കൗണ്‍സലിലെ പ്രതിപക്ഷ നേതാവും എല്‍ഡിഎ് സ്ഥാനാര്‍ഥിയുമായ അഡ്വ. കെ.ആര്. വിജയ ബാലറ്റ് പേപ്പറിന് പുറകില്‍ ഒപ്പിടാഞ്ഞത് കൊണ്ട് വോട്ട് അസാധുവായി. ആരോഗ്യപരമായ കാരണത്താല്‍ രണ്ടാം റൗണ്ടില്‍ ബിജെപി അംഗം സരിത സുഭാഷ് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ നേരത്തെ മടങ്ങി. ബിജെപിയുടെ എഴ് അംഗങ്ങള്‍ രണ്ടാം റൗണ്ടില്‍ വോട്ട് രേഖപ്പെടുത്തിയില്ല. ഇതോടെയാണ് എട്ട് വോട്ടുകള്‍ അസാധുവായത്.
അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവ് ബിജെപി.
ഒരു എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായത് നഗരസഭയിലെ എല്‍ഡിഎഫ് യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്നും വരും ദിവസങ്ങളില്‍ ഇതിനെതിരെ സമരം സംഘടിപ്പിക്കുമെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി അറിയിച്ചു.