കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ വാര്‍ഷികവും ചരിത്ര സെമിനാറും
ഇരിങ്ങാലക്കുട: ചരിത്രം കഴിഞ്ഞുപോയതാണെന്നും മാറ്റാനും തിരിച്ചുപിടിക്കാനും കഴിയില്ലെന്നും അവകാശം ഉന്നയിച്ച് വര്‍ത്തമാനകാലത്തെ ദുസ്സഹമാക്കി മാറ്റാനുള്ളതല്ലെന്നും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ഡോ. രാജന് ഗുരുക്കള്‍. കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ വാര്‍ഷികവും ചരിത്ര സെമിനാറും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രം തുടങ്ങുന്ന ഘട്ടം മുതല്‍ സ്വത്തിനും ഭൗതിക നേട്ടങ്ങള്‍ക്കും വേണ്ടി സഹോദരനെ കൊന്നുകളയുന്ന ഏര്‍പ്പാടുണ്ടെന്ന് ആധുനിക കാലത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ അന്യായങ്ങള്‍ പറഞ്ഞ് ന്യായവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന സംവിധാനം നമുക്കുണ്ട്. ചരിത്ര വിദ്യാര്‍ഥികള്‍ ഇവ ഗൗരവത്തിലെടുക്കണമെന്നും സംശയങ്ങള്‍ ശക്തിപ്പെടുത്താന്‍ വേണ്ടിയാകണം ചരിത്ര പഠനമെന്നും ഡോ. രാജന് ഗുരുക്കള്‍ പറഞ്ഞു.
ദേവസ്വം ചെയര്മാന് അഡ്വ.സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. ഡോ.സി.സി. ബാബു മുഖ്യപ്രഭാഷണം നടത്തി. ലാറ്റിനമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സില്‍ ഗുഡ്വില് അംബാസഡറായ ഐസിഎല്‍ ഫിന് കോപ്പ് സിഎംഡി അഡ്വ.കെ.ജി. അനില്‍കുമാര്‍, കേരള സംസ്ഥാന വയോമിത്ര അവാര്‍ഡ് ലഭിച്ച വേണുജി, സദനം കഥകളി അക്കാദമിയുടെ പട്ടിക്കാംതൊടി രാമുണ്ണിമേനോന്, ആചാര്യ പുരസ്കാരം ലഭിച്ച ഗോപി ആശാന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പ്രഫ. സാവിത്രി ലക്ഷ്മണന്, മുന്‍ ദേവസ്വം ചെയര്മാന് പ്രദീപ് മേനോന്, ഭരണസമിതി അംഗങ്ങളായ വി.സി. പ്രഭാകരന്, രാഘവന് മുളങ്ങാടന്‍, മുരളി ഹരിതം, മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് ഡയറക്ടര്‍ ഡോ.കെ. രാജേന്ദ്രന്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഉഷാനന്ദിനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ രണ്ട് വട്ടെഴുത്ത് ലിഖിതങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. രാജന് ഗുരുക്കള്‍ പ്രബന്ധം അവതരിപ്പിച്ചു. ഡോ.ടി.കെ. നാരായണന് മോഡറേറ്റായിരുന്നു. സെന്റ് ജോസഫ്സ് കോളജ് റിട്ട. പ്രഫ. ഡോ. രാധാമുരളീധരന്‍, സെന്റ് ജോസഫ്സ് കോളജ് പ്രഫ. ലിറ്റി ചാക്കോ, ക്രൈസ്റ്റ് കോളജ് പ്രഫ. സിന്റോ കോങ്കോത്ത് എന്നിവര്‍ അനുബന്ധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
മധ്യകാല കേരളീയ ക്ഷേത്രങ്ങളിലെ കലയും രാഷ്ട്രീയവും എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം മേധാവി ഡോ. വി.വി. ഹരിദാസ് പ്രബന്ധം അവതരിപ്പിച്ചു. കേരള വര്‍മ്മ കോളജ് പ്രഫസര്‍ ഡോ.ഒ.കെ. പ്രവീണ്‍, ക്രൈസ്റ്റ് കോളജ് അധ്യാപകരായ ഡോ.വി. ശ്രീവിദ്യ, ഡോ.ജെ. ദീപക് എന്നിവര്‍ അനുബന്ധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. രണ്ടുദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ വിവിധ കോളജുകളില്‍ നിന്നായി 200 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.