കാട്ടൂരില്‍ തെരുവുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ്, പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടാണ് ഉപയോഗിച്ചത്
കാട്ടൂര്‍: പഞ്ചായത്ത് പരിധിയില്‍ തെരുവുനായ്ക്കള്‍ക്ക് കുത്തിവെപ്പ് നടത്തി. സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്ന് 80 തെരുവുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്. തെരുവുനായ ശല്യവും നായ കടിച്ച് ചികിത്സതേടിയവരുടെ രേഖകളും വിവിധ സ്ഥലങ്ങളിലെ നായശല്യത്തിന്റെ ഫോട്ടോയും കാണിച്ച് നെടുമ്പുര, കരാഞ്ചിറ പ്രദേശത്തെ ജനങ്ങള്‍ പഞ്ചായത്തിന് പരാതി നല്‍കിയിരുന്നു.
മാര്‍ക്കറ്റ് പ്രദേശത്തെ വ്യാപാരികളും വിഷയമുന്നയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പഞ്ചായത്ത് നടപടിയെടുത്തത്. പഞ്ചായത്തിന്റെ 2024 25 പ്ലാന്ഫണ്ടില്നിന്നുള്ള തുക ഉപയോഗിച്ചാണ് കുത്തിവെപ്പ് നടത്തിയത്. പഞ്ചായത്തില്‍ തെരുവുനായ്ക്കളെ പിടികൂടാന്‍ വിദഗ്ധരില്ലാത്തതിനാല്‍ തൃശൂരില്‍നിന്നുള്ള സംഘമാണ് നായ്ക്കളെ പിടിക്കാനായി എത്തിയിരുന്നത്.
തെരുവുനായ്ക്കള്‍ കൂടുതലുള്ള മാര്‍ക്കറ്റ്, പൊഞ്ഞനം, നെടുമ്പുര തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പടെയാണ് വെറ്ററിനറി ഡോക്ടര്‍ കിരണിന്റെ നേതൃത്വത്തില്‍ കുത്തിവെപ്പ് നടത്തിയത്. എല്ലാ വര്‍ഷവും തെരുവുനായ്ക്കള്‍ക്ക് പേവിഷപ്രതിരോധത്തിനുള്ള കുത്തിവെപ്പ് നല്‍കിവരുന്നുണ്ടെന്നും കഴിഞ്ഞ വര്‍ഷം 72 നായ്ക്കള്‍ക്കാണ് കുത്തിവെപ്പ് നല്‍കിയിരുന്നതെന്നും പഞ്ചായത്ത് അറിയിച്ചു.