കുട്ടന്‍കുളം നവീകരണം; പൊതുമരാമത്ത് വകുപ്പ് മണ്ണുപരിശോധന തുടങ്ങി
അനുവദിച്ചത് നാലുകോടി രൂപ
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കിഴക്കേനടയിലുള്ള കുട്ടന്‍കുളം നവീകരണത്തിന്റെ മുന്നോടിയായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ മണ്ണുപരിശോധന ആരംഭിച്ചു. കുളത്തിന് ചുറ്റുപാടുമുള്ള ഭാഗത്തെ മണ്ണുപരിശോധനയ്ക്ക് ശേഷമാണ് വെള്ളത്തിനടിയിലെ പരിശോധന ആരംഭിച്ചത്. കരയില്‍ നടത്തിയ പരിശോധനയില്‍ പല സ്ഥലത്തും 20 മീറ്റര്‍ ആഴത്തിലാണ് പാറ കണ്ടെത്തിയത്.
കുളത്തിലെ മണ്ണുപരിശോധനയ്ക്കുള്ള സാമ്പിളെടുത്തുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധന പൂര്‍ത്തിയാക്കിയശേഷം ഡെപ്യൂട്ടി എന്‍ജിനീയര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിനുശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കുളത്തിന്റെ നാലരികും മതില്‍കെട്ടി വൃത്തിയാക്കി നവീകരിക്കാനാണ് പദ്ധതി. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച നാലുകോടി രൂപയാണ് പൊതുമരാമത്ത് വകുപ്പിന് അനുവദിച്ചിരിക്കുന്നത്.
കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെയും കുട്ടന്‍കുളത്തിന്റെയും ചരിത്രപ്രാധാന്യവും സാംസ്കാരിക പശ്ചാത്തലവും പാരിസ്ഥിതിക സവിശേഷതകളും കണക്കിലെടുത്താകും നിര്‍മാണമെന്ന് മന്ത്രി ആര്. ബിന്ദു വ്യക്തമാക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലെ വിദഗ്ധര്‍ മേല്‍നോട്ടം വഹിക്കും. നിര്‍മിച്ച ആളുടെ പേരില്‍ അറിയപ്പെടുന്ന അപൂര്‍വം കുളങ്ങളില്‍ ഒന്നാണിത്.
ഒരേക്കറില്‍ അധികം വിസ്തൃതിയില്‍ വളരെ ശാസ്ത്രീയമായ രീതിയില്‍ ദീര്‍ഘചതുരാകൃതിയില്‍ നിര്‍മിച്ച കുളത്തില്‍ നിഴല്‍ വീഴില്ലെന്ന പ്രത്യേകതയുണ്ട്. ക്രമാതീതമായി വെള്ളമുയര്‍ന്നാല്‍ ഒഴുകിപ്പോകാനുള്ള ഓടയും കുളത്തിനുണ്ട്. കാലങ്ങളായി വൃത്തിയാക്കാത്തതിനാല്‍ ചുറ്റിലും പായല്‍ നിറഞ്ഞ അവസ്ഥയാണ്.