ആരോഗ്യത്തിന് അറിവിന്റെ ശൃംഖല ബോധവല്‍ക്കരണത്തിനായി പുതുവഴി തീര്‍ക്കാന്‍ വേളൂക്കര
ഇരിങ്ങാലക്കുട: സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസാചരണത്തോടനുബന്ധിച്ച് നടത്തിയ, പഞ്ചായത്ത് തല ശില്പശാലയില് ആണ് ബോധവല്‍ക്കരണം ഫലപ്രദമാക്കുന്നതിനായി പഞ്ചായത്തിലെ എല്ലാ വനിതകളെയും കണ്ണി ചേര്‍ത്തുകൊണ്ട് അറിവിന്റെ ശൃംഖല തീര്‍ക്കുന്നു. വനിത ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടന്ന ശില്പശാലയില് വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ശാലു പത്മദാസന്‍ വിഷയാവതരണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെന്‍സി ബിജു, മെമ്പര്‍മാരായ ഷീജ ഉണ്ണികൃഷ്ണന്, സ്വപ്ന സെബാസ്റ്റ്യന്‍, ലീന ഉണ്ണികൃഷ്ണന്, രഞ്ജിത ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി. പ്രസാദ് ക്യാമ്പയിന് വിശദീകരിച്ചു. വാര്‍ഡ് തലത്തില്‍ ഒരു കോര്‍ ഗ്രൂപ്പ് രൂപീകരിക്കും. ഓരോരുത്തരും ബ്രെസ്റ്റ് ക്യാന്‍സര്‍ സംബന്ധിച്ച അറിവുകള്‍ നേടുകയും രണ്ടുപേര്‍ക്കെങ്കിലും പുതുതായി അറിവുകള്‍ പകര്‍ന്നു കൊടുക്കുകയും പുതിയ രണ്ടുപേരും മറ്റു രണ്ടുപേര്‍ക്കും കൂടി അറിവുകള്‍ പകര്‍ന്നു നല്‍കുകയും ചെയ്യുന്ന രീതിയില്‍ ആരോഗ്യത്തിനായി അറിവിന്റെ ശൃംഖല തീര്‍ക്കുകയാണ് ലക്ഷ്യം.
പഞ്ചായത്തിലാകെ 18 വയസിനു മുകളിലുള്ള 13300 വനിതകള്‍ ആണ് ഉള്ളത്. എല്ലാവരെയും ആരോഗ്യത്തിനായുള്ള അറിവിന്റെ ശൃംഖലയില്‍ കണ്ണി ചേര്‍ക്കും. ഒരു വ്യക്തിയെ ബന്ധപ്പെടുന്ന ആളും ആ വ്യക്തിയും ആ വ്യക്തി തുടര്‍ന്ന് ബന്ധപ്പെടുന്ന രണ്ട് ആളുകളും ചേര്‍ത്ത് നാലുപേരുടെ നാനോ ഗ്രൂപ്പ് ഹെല്‍ത്ത് ബഡീസ് എന്ന പേരില്‍ രൂപീകരിക്കും. ഈ ആരോഗ്യ കൂട്ടായ്മയുടെ സഹായത്തിനായി വാര്‍ഡ് തലത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ്, എംഎല് എസ്പി, ആശ പ്രവര്‍ത്തക എന്നിവരടങ്ങിയ ടീമും വാര്‍ഡിലെ ആരോഗ്യ ശൃംഖലയിലെ ആദ്യ 31 പേരടങ്ങിയ കോര്‍ ടീമും ഉണ്ടാകും.
ആരോഗ്യം എന്നത് ആശുപത്രിയും ചികിത്സയും മരുന്നും കൂടി മാത്രം സൃഷ്ടിച്ചെടുക്കേണ്ടതല്ല, മറിച്ച് ശാസ്ത്രീയ അറിവിന്റെയും കൂട്ടായ്മയുടെയും അടിത്തറയില്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങി കെട്ടിപ്പടുക്കേണ്ടത് കൂടിയാണ് എന്ന ബോധ്യത്തില്‍ ആരോഗ്യ ബോധവത്ക്കരണത്തിന്റെ പുതുവഴി തീര്‍ക്കാന്‍ ഉള്ള ഈ ശ്രമത്തില്‍ ഏവരും അണിചേരണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അഭ്യര്‍ത്ഥിച്ചു. ശില്പശാലയില് ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ പ്രവര!ത്തകര്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.