ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില് തരുണ് സഭ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കേന്ദ്ര പാര്ലമെന്ററി കാര്യമന്ത്രാലയത്തിന് കീഴിലെ നാഷണല് യൂത്ത് പാര്ലമെന്റ് സ്കീം പ്രകാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം ഒന്നാം വര്ഷ ബിബിഎ (മാര്ക്കറ്റിംഗ്), ബിബിഎ (ഫിനാന്സ്) വിദ്യാര്ഥികള് തരുണ് സഭ മോഡല് യൂത്ത് പാര്ലമെന്റ് സംഘടിപ്പിച്ചു.
വിദ്യാര്ഥികളില് പാര്ലമെന്റ് നടപടികളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, നയരൂപീകരണ രീതികള് പരിചയപ്പെടുത്തുക, സമകാലിക ദേശീയ വിഷയങ്ങളില് താല്പര്യം ജനിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് നാഷണല് യൂത്ത് പാര്ലമെന്റ് സ്കീം സംഘടിപ്പിച്ചിരിക്കുന്നത്. മികച്ച സംഘാടക ശേഷിയും, നേതൃത്വ ഗുണവും ഉള്ള വിദ്യാര്ഥികളെ കണ്ടെത്താനും വിദ്യാര്ഥികള്ക്ക് തങ്ങളുടെ ആശയവിനിമയ പാടവം, സംവാദശേഷി എന്നിവ തെളിയിക്കാനുള്ള അവസരവും തരുണ് സഭയിലൂടെ ലഭ്യമാകുന്നു.
മാനേജ്മെന്റ് വിദ്യാര്ഥികളില് ബിരുദ തലത്തില് തന്നെ സാമൂഹിക പ്രതിബദ്ധത, സംവേദനക്ഷമത, സഹിഷ്ണുത തുടങ്ങിയ ഉന്നത മാനവിക ഗുണങ്ങള് വളര്ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം തരുണ് സഭ സംഘടിപ്പിച്ചത്.
തരുണ് സഭയില് സത്യപ്രതിജ്ഞ, ചോദ്യോത്തര വേള, ശ്രദ്ധ ക്ഷണിക്കല് പ്രമേയം, അവകാശലംഘനം എന്നീ രംഗങ്ങള് വിദ്യാര്ഥികള് അവതരിപ്പിച്ചു. ഭരണപക്ഷം, പ്രതിപക്ഷം, സ്പീക്കര്, സെക്രട്ടറി ജനറല്, മാധ്യമങ്ങള് എന്നീ വിഭാഗങ്ങളിലായി അറുപത് ഒന്നാം വര്ഷ വിദ്യാര്ഥികള് ആണ് അധ്യാപകരുടെ നേതൃത്വത്തില് തരുണ്സഭയില് പങ്കാളികളായത്.