ദുരിത കേരളത്തില്‍നിന്ന് പുതിയ കേരളത്തിലേക്ക്: ജനശ്രദ്ധയാകര്‍ഷിച്ച് ഡിജിറ്റല്‍ കോണ്‍ക്ലേവ്
ഇരിങ്ങാലക്കുട: ദുരിത കേരളത്തില്‍ നിന്നു പുതിയ കേരളം സൃഷ്ടിക്കാനായി എന്‍ഡിഎ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നു ഡല്‍ഹി എംപിയും പ്രശസ്ത ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ പറഞ്ഞു. ബിജെപി കേരള ഐടി സെല്‍ ഇരിങ്ങാലക്കുട എംസിപി കണ്വെന്ഷന് സെന്ററില്‍ വെച്ചു സംഘടിപ്പിച്ച ഡിജിറ്റല്‍ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി രഹിതമായ വികസിത ഇന്ത്യ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി കൊണ്ടിരിക്കുന്ന നരേന്ദ്ര മോദി എല്ലാ സംസ്ഥാനങ്ങളും വികസന കുതിപ്പിലേക്കു പോകുകയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം എല്ലാം കൊണ്ടും അനുഗ്രഹീതമായിട്ടും ദുരിത കേരളമായി. അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കള്ളക്കടത്തിന്റെയും മാഫിയ ഭരണത്തിന്റെയും നാടായി മാറി കേരളം. ഇതിനുത്തരവാദികള്‍ എല്‍ഡിഎഫും യുഡിഎഫുമാണെന്നു ഗൗതം ഗംഭീര്‍ പറഞ്ഞു. പുതിയ കേരള സൃഷ്ടിക്കായി അഴിമതി തുടച്ചുനീക്കണമെന്നു പുതിയ കേരളം എന്ന വിഷയമവതരിപ്പിച്ചു കൊണ്ട് എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസ് പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, ടൂറിസം തുടങ്ങി മേഖലകളില്‍ അടിമുടി പൊളിച്ചെഴുതണമെന്നു അദ്ദേഹം പറഞ്ഞു. ഇന്ന് നടക്കുന്നതു മാഫിയ ഭരണമാണ്. ഇത് അവസാനിപ്പിക്കണം. ജനങ്ങളുടെ മാനസിക ഉല്ലാസത്തിനു പാര്‍ക്കുകളും സ്പോര്‍ട്സ് സൗകര്യങ്ങളും ഗ്രാമങ്ങള്‍ തോറും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലെപോലെ സംശുദ്ധവും ശക്തവുമായ നേതൃത്വം കേരളത്തില്‍ ഉണ്ടാകണം. അതിനായി ശ്രമിക്കുന്നത് ബിജെപി മാത്രമാണെന്നു അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുടയുടെ സാംസ്കാരിക തനിമയെ കുറിച്ച് തപസ്യ സംസ്ഥാന ജോയിന്റ് ജനല്‍ സെക്രട്ടറി സി.സി. സുരേഷ് പ്രസംഗിച്ചു. ‘പുതിയ കേരളം’ വീഡിയോ പരിപാടിക്ക് മുന്നോടിയായി പ്രദര്‍ശിപ്പിച്ചു.