മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ഇടപെട്ടു: കല്യാണി ഇനി ശാന്തി സദനത്തില്‍ കരുതലിന്റെയും കരുണയുടെയും കരങ്ങളില്‍
ഇരിങ്ങാലക്കുട: കല്യാണിയ്ക്കു ഇനി ശാന്തി സദനത്തില്‍ ശാന്തമായി ഉറങ്ങാം…..കരുണയും കരുതലും കനിവും ഇനി അവര്‍ക്കിനി കണ്ണിമയ്ക്കാതെ കാവല്‍ നില്ക്കും. വിശപ്പും ദാഹവും ആ ദുര്‍ബല ശരീരത്തെ കരണ്ടുതിന്നില്ല. ആകാശത്തോളം വിശാലമായ കരുണയുടെ കൈകളിലാണു അവര്‍ ഇപ്പോള്‍. മക്കളുടെയോ ബന്ധുക്കളുടെയോ സംരക്ഷണമില്ലാതെ ഇടിഞ്ഞു വീഴാറായ വീട്ടില്‍ ഇടതുകാല് ഒടിഞ്ഞു കഴിഞ്ഞുവന്നിരുന്ന ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം സ്വദേശിനി ഗുരുവിലാസം കല്യാണി എന്ന വയോധികയ്ക്കാണു സംരക്ഷണമുറപ്പാക്കിയത്. ഇരിങ്ങാലക്കുട റവന്യു ഡിവിഷണല്‍ ഓഫീസറും മെയിന്റനന്‍സ് ട്രൈബ്യൂണലുമായ സി. ലതികയുടെ ഇടക്കാല ഉത്തരവിന്മേലാണു ഈ നടപടി. കല്യാണിയുടെ ദുരിത ജീവിതം പോലീസ് ഉദ്യോഗസ്ഥനായ പി.കെ. ഉത്തമനാണു മെയിന്റനന്‍സ് ട്രൈബ്യൂണല്‍ മുമ്പാകെ അറിയിച്ചത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ ഇരിങ്ങാലക്കുട ആര്‍ഡിഒ സി. ലതിക മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് മാര്‍ഷല്‍ സി. രാധാകൃഷ്ണനോടു അടിയന്തിര അന്വേഷണം നടത്തുവാനും നിലവിലെ അവസ്ഥ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും നിര്‍ദേശം നല്കി. തുടര്‍ന്ന് ടെക്നിക്കല്‍ അസിസ്റ്റന്റ് മാര്‍ഷല്‍ സി. രാധാകൃഷ്ണന്, ജൂണിയര്‍ സൂപ്രണ്ട് ഐ.കെ. പൂക്കോയ, സെക്ഷന്‍ ക്ലാര്‍ക്ക് കസ്തൂര്‍ബായ്, സാമൂഹ്യനീതിവകുപ്പ് ഓര്‍ഫനേജ് കൗണ്‍സിലര്‍ ദിവ്യ അബീഷ് എന്നിവര്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
കല്യാണിയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പേ മരണപ്പെട്ടു. രണ്ടു ആണ്മക്കളില് മൂത്തമകന് മരിച്ചു. തൊട്ടടുത്തു താമസിക്കുന്ന അപസ്മാര രോഗിയായ രണ്ടാമത്തെ മകനാണു കല്യാണിയെ സഹായിച്ചിരുന്നത്. രണ്ടു മാസം മുമ്പ് വീണു ഇടത് കാലൊടിഞ്ഞതോടെ വയോധികയ്ക്കു പരസഹായം കൂടാതെ കഴിയാനാകില്ലെന്ന അവസ്ഥയിലായി. കോവിഡ് പ്രതിരോധകാലത്ത് സാമൂഹ്യനീതിവകുപ്പ് വയോക്ഷേമ കോള്‍ സെന്റര്‍ ഇടപെട്ടു ചികിത്സാ, ആരോഗ്യം മറ്റു കാര്യങ്ങള്‍ ഉറപ്പാക്കാന്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നതായി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി.എച്ച്. അസ്ഗര്‍ഷ അറിയിച്ചു. നിലവില്‍ താമസിച്ചിരുന്ന വീട് മരുമകളുടെ പേരില്‍ ആണെങ്കിലും മകന്റെയോ മരുമകളുടെയോ മറ്റു ബന്ധുക്കളുടെയോ തുണയില്ലാതെ ഒറ്റയ്ക്കു കഴിയുന്ന അവസ്ഥയായിരുന്നു കല്യാണി അഭിമുഖീകരിച്ചിരുന്നത്. മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് മാര്‍ഷല്‍ സി. രാധാകൃഷ്ണന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോവിഡ് സാഹചര്യം പ്രത്യേകം കണക്കിലെടുത്തും വയോധികയുടെ ആരോഗ്യം, ചികിത്സാ എന്നിവ മുന്‍നിര്‍ത്തിയും ഇരിങ്ങാലക്കുട ആര്‍ഡിഒ ഇവരെ അടിയന്തിരമായി ഇരിങ്ങാലക്കുട ശാന്തിസദനം വൃദ്ധസദനത്തില്‍ പുനരധിവസിപ്പിക്കാന്‍ ഉത്തരവ് നല്‍കുകയായിരുന്നു. കല്യാണിയെ കോവിഡ് പരിശോധനയ്ക്ക് വിധേയയാക്കി ഫലം നെഗറ്റീവ് ആണെന്നു ഉറപ്പാക്കിയതിനു ശേഷം ആര്‍ഡിഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് പി. രേഖ, ജൂണിയര്‍ സൂപ്രണ്ട് ഐ.കെ. പൂക്കോയ, മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് മാര്‍ഷല്‍ സി. രാധാകൃഷ്ണന്, സാമൂഹ്യനീതിവകുപ്പ് ഓര്‍ഫനേജ് കൗണ്‍സിലര്‍ ദിവ്യ അബീഷ്, പോലീസ് ഉദ്യോഗസ്ഥനായ പി.കെ. ഉത്തമന് എന്നിവര്‍ ചേര്‍ന്ന് ആംബുലന്‍സില്‍ കല്യാണിയെ ഇരിങ്ങാലക്കുട ശാന്തിസദനം വൃദ്ധസദനത്തിലേക്കു മാറ്റി. കല്യാണിയുടെ കാലിലെ എല്ലിന്റെ ഒടിവുകള്‍ സുഖം പ്രാപിച്ചിട്ടില്ലായെന്നും ഓര്‍ത്തോ സര്‍ജനെ കാണിച്ചതു പ്രകാരം സര്‍ജറി ആത്യാവശ്യമാണെന്നും ശാന്തി സദനം വൃദ്ധസദനം കറസ്പോണ്ടന്റായ സിസ്റ്റര്‍ മെര്ലിന് ജോസ് അറിയിച്ചു. ചികില്‍സക്ക് 60,000 രൂപയോളം ചെലവ് വരുമെന്നാണു കണക്കുകൂട്ടല്‍. മുതിര്‍ന്നവരുടെ പരാതികള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ‘മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള ആക്ട് 2007’ പ്രകാരം ഈ കേസില്‍ തുടര്‍ നടപടികള്‍ കൈകൊള്ളുമെന്നു ആര്‍ഡിഒ സി. ലതിക പറഞ്ഞു.