ഉദ്യോഗസ്ഥരുടെ മതവികാരം വ്രണപ്പെടുത്തുന്നത് തികച്ചും അപലപനീയമാണ്: ഇരിങ്ങാലക്കുട രൂപത
ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അതീവ ജാഗ്രതയോടെ നടക്കുന്നതിനിടയിലും ക്രൈസ്തവ വിരോധികളായ ഏതാനും ഉദ്യോഗസ്ഥരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റം തികച്ചും അപലപനീയമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചില സംഭവങ്ങളെ ആസ്പദമാക്കിയാണു ഇങ്ങനെ ഒരു നിരീക്ഷണം ഇരിങ്ങാലക്കുട രൂപത നടത്തുന്നത്. സര്‍ക്കാര്‍ നല്കുന്ന ഏതൊരു പ്രതിരോധ മുന്നറിയിപ്പിനെയും അതീവശ്രദ്ധയോടെ പാലിച്ചു കൊണ്ടാണു ഓരോ രൂപതയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം സഹകരിച്ചുവരുന്നത്. കഴിഞ്ഞ ദിവസം കുട്ടനാട്ടിലെ പുതുക്കരി സെന്റ് സേവ്യഴ്സ് പള്ളിയില്‍ വിവാഹകര്‍മത്തോടനുബന്ധിച്ച് ദിവ്യബലി നടക്കുന്നതിനിടയില്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് പള്ളിക്കുള്ളില്‍ കടന്നു കയറുകയും കൃത്യമായി സാമൂഹിക അകലം പാലിച്ച് 50 ല്‍ താഴെ മാത്രം ആളുകള്‍ ഉള്‍ക്കൊള്ളുന്ന ആരാധനാ സമൂഹത്തിന്റെ ദിവ്യബലി അര്‍പ്പണം തടസപ്പെടുത്തുകയും ചെയ്തതു അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശ്വാസ സമൂഹത്തെ പങ്കെടുപ്പിക്കാതെ മൂന്നു ശുശ്രൂഷികളെ മാത്രം ഉള്‍പ്പെടുത്തി ദിവ്യബലി (പ്രൈവറ്റ് മാസ്) അര്‍പ്പിച്ചിരുന്ന വൈദികനെ പോലീസ് സ്റ്റേഷനിലേയ്ക്കു വിളിച്ചു വരുത്തുകയും ഇനി ദിവ്യബലി അര്‍പ്പിക്കാന്‍ പാടില്ല എന്നു നിര്‍ദേശിക്കുകയും ചെയ്തതും അത്യന്തം വേദനാജനകമാണ്. ക്രൈസ്തവരുള്‍പ്പെടെ ഏതു മതത്തില്‍പ്പെട്ടവരുടെയും ആരാധനാ സ്വാതന്ത്ര്യത്തിന്റെ മേല്‍ ഉദ്യോഗസ്ഥര്‍ കടന്നു കയറുന്നതു ശരിയായ നടപടിയല്ല. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നിലനില്ക്കുമ്പോള് ഉദ്യോഗസ്ഥര്‍ സ്വന്തമായി നിര്‍ദേശങ്ങള്‍ നല്കുന്നതു ഉചിതവുമല്ല. മറ്റേതൊരു സമൂഹത്തോടും സ്വീകരിക്കാന്‍ മടിക്കുന്ന നടപടികള്‍ ഇവര്‍ ക്രൈസ്തവ സമൂഹത്തിന്റെ നേരെ മാത്രം പ്രയോഗിക്കുന്നതു ഉത്കണ്ഠാജനകവും ഖേദകരവുമാണ്. ഇത്തരം മതവിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വേണ്ട നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റം വേണ്ടവിധത്തില്‍ നിയന്ത്രിക്കണമെന്നും ഇരിങ്ങാലക്കുട രൂപത പബ്ലിക് അഫയേഴ്സ് കമ്മീഷന് അഭിപ്രായപ്പെട്ടു.