ധന്യന്‍ ജോസഫ് വിതയത്തിലച്ചന് കാലം അടയാളപ്പെടുത്തിയ കര്‍മയോഗി
ഇരിങ്ങാലക്കുട: ആത്മീയതയും സാമൂഹിക കാഴ്ചപ്പാടും കൈമുതലായ കര്‍മയോഗിയായിരുന്നു ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സഹസ്ഥാപകനായ ധന്യന്‍ ജോസഫ് വിതയത്തിലച്ചനെന്നു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. പുത്തന്‍ചിറ ഇടവകയുടെ അജപാലകനായിരിക്കെ വിശുദ്ധ മറിയം ത്രേസ്യയുടെ ആത്മീയ ഗുരുവായും വിശുദ്ധയോടൊപ്പം സഭയുടെ സഹസ്ഥാപകനായും ദൈവം അദ്ദേഹത്തെ തെരഞ്ഞെടുക്കുകയായിരുന്നു. ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രമായ കേരളസഭയുടെ നേതൃത്വത്തില്‍ ഹോളി ഫാമിലി കോണ്‍ഗ്രിഗേഷനും കുഴിക്കാട്ടുശേരി തീര്‍ഥകേന്ദ്രവും സംയുക്തമായി ‘കാലം അടയാളപ്പെടുത്തിയ കര്‍മയോഗി ധന്യന്‍ ജോസഫ് വിതയത്തിലച്ചന്’ എന്ന പേരില്‍ നടത്തിയ വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. ധന്യന്‍ ജോസഫ് വിതയത്തിലച്ചന് ഏറെക്കാലം ആ സന്യാസിനീ സമൂഹത്തിനു താങ്ങും തണലുമായി നിലകൊണ്ടു. വിശുദ്ധ മറിയം ത്രേസ്യയുടെ വ്യക്തിജീവിതത്തിലുണ്ടായ പ്രതിസന്ധികളിലും വെല്ലുവിളികളിലും ദൈവഹിതം തിരിച്ചറിഞ്ഞു ആധ്യാത്മിക യാത്രയില്‍ മാര്‍ഗദര്‍ശിയായി. അദ്ദേഹത്തിന്റെ ബഹുമുഖമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ കാലം അടയാളപ്പെടുത്തിയത്. വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കി റിട്ട. ജസ്റ്റിസ് കുര്യന് ജോസഫ്, റവ. ഡോ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, ഹോളിഫാമിലി കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ ഡോ. സിസ്റ്റര്‍ ആനി കുര്യാക്കോസ് എന്നിവര്‍ പ്രഭാഷണം നടത്തി. ധന്യന്‍ ജോസഫ് വിതയത്തിലച്ചന്റെ സാമൂഹിക കാഴ്ചപ്പാടിന്റെ അടിസ്ഥാനം അദ്ദേഹത്തിന്റെ അടിയുറച്ച ആധ്യാത്മികതയായിരുന്നുവെന്ന് റിട്ട. ജസ്റ്റിസ് കുര്യന് ജോസഫ് ചൂണ്ടിക്കാട്ടി. വികാരി ജനറല്‍ മോണ്‍. ജോയ് പാലിയേക്കര, ഹോളിഫാമിലി കോണ്ഗ്രിഗേഷന് വികാര്‍ ജനറല്‍ ഡോ. സിസ്റ്റര്‍ എല്‍സി സേവ്യര്‍, പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട്, കുഴിക്കാട്ടുശേരി തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ലിജോ കോങ്കോത്ത്, കേരളസഭ മാനേജിംഗ് ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, ഫാ. ടിന്റോ കൊടിയന്‍, ചീഫ് എഡിറ്റര്‍ ജോസ് തളിയത്ത്, ഡോ. സിസ്റ്റര്‍ അഭയ റോസ് എന്നിവര്‍ പ്രസംഗിച്ചു.