ജനകീയ ഹോട്ടലിന്റെ അടുക്കളയില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു
നഗരസഭയുടെ ജനകീയ ഹോട്ടലിന്റെ അടുക്കളയില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; കുക്കറിന്റെ അടപ്പ് മുകളിലേക്ക് തെറിച്ച് അടുക്കളയുടെ മേല്‍ക്കൂര തകര്‍ന്നു;
ജനകീയ ഹോട്ടലിന്റെ അടുക്കള പ്രവര്‍ത്തിക്കുന്നത് ചോര്‍ച്ചയുള്ള സ്കൂള്‍ കെട്ടിടത്തില്‍.
ഇരിങ്ങാലക്കുട: ചെട്ടിപറമ്പ് ഗേള്‍സ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കളയില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഉച്ചയൂണിന്റെ കറികള്‍ തയ്യാറാക്കുന്നതിന്റെ ഒരുക്കങ്ങള്‍ ജനകീയ ഹോട്ടലിന്റെ ചുമതല വഹിക്കുന്ന കുടുംബശ്രീ സിഡിഎസിലെ രണ്ട് അംഗങ്ങള്‍ നടത്തുന്നതിനിടയിലാണ് കുക്കര്‍ പൊട്ടിത്തെറിച്ചത്. കുക്കര്‍ വച്ചിരുന്ന ഗ്യാസ് സ്റ്റൗവിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. കുക്കറിന്റെ അടപ്പ് മുകളിലേക്ക് തെറിച്ച് ഓടിട്ട മേല്‍ക്കൂരയും തകര്‍ന്നു. അപകടസമയത്ത് രണ്ട് പേരും അടുക്കളയില്‍ ഉണ്ടായിരുന്നില്ല. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലില്‍ നിന്ന് നൂറ് പേര്‍ക്കുള്ള ഉച്ചഭക്ഷണം 20 രൂപ നിരക്കില്‍ നല്കി വരുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് ജനകീയ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണ വിതരണം മുടങ്ങി. ചോര്‍ച്ചയുള്ള സ്കൂള്‍ കെട്ടിടത്തിലാണ് ജനകീയ ഹോട്ടലിന്റെ അടുക്കള പ്രവര്‍ത്തിക്കുന്നത്. സുരക്ഷിതമായ കെട്ടിടം നല്‍കുമെന്ന നഗരസഭ അധികൃതരുടെ ഉറപ്പ് ഇതു വരെ പ്രാവര്‍ത്തികമായിട്ടില്ല.