പടിയൂര്‍ കോടംകുളം-പുളിക്കല്‍ച്ചിറ പാലം പണി വൈകുന്നു
പായമ്മല്‍: പടിയൂര്‍, പൂമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടിയൂര്‍ കോടംകുളം-പുളിക്കല്‍ച്ചിറ പാലം പുനര്‍നിര്‍മാണം വൈകുന്നു. മുന്‍ എംഎല്‍എ കെ.യു. അരുണന്റെ ആസ്തി വികസന പദ്ധതിയില്‍നിന്ന് ആദ്യം 35 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ പാലം ഉയര്‍ത്തി വീതികൂട്ടി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ രംഗത്തെത്തിയതോടെ 35 ലക്ഷത്തിന്റെ പദ്ധതി ഒഴിവാക്കി 2020 ജൂണില്‍ പൊതുഫണ്ടില്‍നിന്ന് ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു ഭരണാനുമതി നല്കി. എന്നാല്‍ ഭരണാനുമതി ലഭിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും പാലത്തിന്റെ നിര്‍മാണം ആരംഭിച്ചിട്ടില്ല. പൂമംഗലം പഞ്ചായത്തിലെ പായമ്മല്‍ പ്രദേശത്തെയും പടിയൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് കോടംകുളം പ്രദേശത്തെയും ബന്ധിപ്പിക്കുന്ന പടിയൂര്‍ പൂമംഗലം കോള്‍പ്പാടത്തിനു നടുവിലൂടെ കടന്നുപോകുന്ന തോടിനു കുറുകെയാണ് പാലം. 2018 ലും 19 ലും പ്രളയത്തില്‍ പാലത്തിന്റെ താഴെ വീതിക്കുറവുമൂലം വെള്ളം ഒഴുകിപ്പോകാതെ തടഞ്ഞുനിന്നത് പ്രദേശത്തെ മുഴുവന്‍ വെള്ളക്കെട്ടിലാക്കി. നാലമ്പല തീര്‍ഥാടനകാലത്ത് പായമ്മല്‍ ശത്രുഘ്ന ക്ഷേത്രത്തിലെ ദര്‍ശനത്തിനു ശേഷം ഭക്തരുടെ വാഹനങ്ങള്‍ മടങ്ങുന്നതും ഇതുവഴിയാണ്. പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗത്തിനാണു പാലത്തിന്റെ നിര്‍വഹണച്ചുമതല. പുതിയ പാലം നിര്‍മിക്കുന്നതിന്റെ മുന്നോടിയായി സ്ഥലത്തെ മണ്ണ് പരിശോധനയടക്കമുള്ള ജിയോളജിക്കല്‍ സര്‍വേക്കായി ടെന്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നു പിഡബ്ല്യുഡി പറഞ്ഞു. ഇതിന്റെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. വൈകാതെ തന്നെ മണ്ണിന്റെ സാന്ദ്രത പരിശോധിച്ചശേഷം പാലത്തിന്റെ അവസാന രൂപരേഖ തയാറാക്കുമെന്നാണു അധികൃതര്‍ പറയുന്നത്.