പടിയൂര്‍-പൂമംഗലം കോള്‍ കര്‍ഷകസംഘത്തിലെ പാടത്ത് കൃഷി ചെയ്ത തരിശ് നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു
ഇരിങ്ങാലക്കുട: പഞ്ചായത്തിലെ പടിയൂര്‍-പൂമംഗലം കോള്‍ കര്‍ഷകസംഘത്തിലെ 20 വര്‍ഷങ്ങളോളം തരിശായി കിടന്ന എട്ട് ഏക്കര്‍ പാടത്തു തരിശ് നെല്‍കൃഷി പദ്ധതി പ്രകാരം കൃഷിയിറക്കിയതു വിളവെടുത്തു. അസിസ്റ്റന്റ് കൃഷി ഓഫീസറായ വിനോദിന്റേയും യുവ കര്‍ഷകനായ ജിനോയ് ആലപ്പാട്ടും മുതിര്‍ന്ന കര്‍ഷകനായ ജോസ് ആലപ്പാട്ടും ചേര്‍ന്നു രൂപം നല്കിയ കൂട്ടായ്മയാണു കൃഷി ചെയ്തത്. തരിശ് നെല്‍കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയ്ഘോഷ് ഉദ്ഘാടനം ചെയ്തു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ ദിലീപ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജേഷ് അശോകന്, വാര്‍ഡ് മെമ്പര്‍മാരായ ടി.വി. വിബിന്, സുനന്ദ ഉണ്ണികൃഷ്ണന്, ജോയ്സി ആന്റണി, കൃഷി ഓഫീസര്‍ ഡോ. പി.സി. സചന, കൃഷി അസിസ്റ്റന്റ് എം.എ. സൗമ്യ എന്നിവരോടൊപ്പം കര്‍ഷക കുടുംബാംഗങ്ങളും പങ്കെടുത്തു.