തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി
ഇരിങ്ങാലക്കുട: തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. 2014 ജൂലൈ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടകര മേല്‍പാലത്തിനു സമീപം തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ശ്രീകാന്തിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഒന്നാം പ്രതി തൃശൂര്‍ കിഴക്കേകോട്ട വില്ലേജ് ലൂര്‍ദുപുരം കുരിശിങ്കല്‍ വീട്ടില്‍ സച്ചിന് (29) നെ കുറ്റക്കാരനെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് കണ്ടെത്തി. രാത്രി 10.30 മണിയോടുകൂടി സുഹൃത്ത് ഒന്നിച്ച് കൊടകര മേല്‍പ്പാലത്തിനു കിഴക്കുവശം തട്ടുകടയില്‍ മരണപ്പെട്ട നെല്ലായി വില്ലേജ് ആലത്തൂര്‍ മുണ്ടക്കല്‍ വീട്ടില്‍ ശ്രീകാന്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒന്നാം പ്രതിയും സുഹൃത്തുക്കളുമായി വഴക്കുണ്ടാകുകയും ആയതിനിടയില്‍ ഒന്നാം പ്രതി കൈവശം കരുതിയിരുന്ന കത്തികൊണ്ട് മരണപ്പെട്ട ശ്രീകാന്തിനെ കുത്തുകയായിരുന്നു. കുത്തേറ്റ ശ്രീകാന്തിനെയും പുറകിലിരുത്തി ആശുപത്രിയിലേക്ക് പോകുംവഴി കൊടകര കെഎസ്ഇബി ഓഫീസിന് സമീപം വെച്ച് കുഴഞ്ഞുവീഴുകയും ആശുപത്രിയിലേക്ക് എത്തുമ്പോള്‍ മരണപ്പെടുകയുമാണ് ഉണ്ടായത്. കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ സച്ചിനെ അതിവിദഗ്ധമായാണ് സംഭവത്തിനുശേഷം പോലീസ് അറസ്റ്റു ചെയ്തത്. കൊടകര സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ.കെ. ഷണ്മുഖന് രജിസ്റ്റര്‍ ചെയ്യുകയും ഇന്‍സ്പെക്ടര്‍മാരായ കെ. സുമേഷ്, സി. സുന്ദരന്‍ എന്നിവര്‍ അന്വേഷണം നടത്തി യൂസഫ് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് ഭാഗത്തുനിന്നും 26 സാക്ഷികളെ വിസ്തരിക്കുകയും 35 രേഖകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കെറ്റുമാരായ ജിഷ ജോബി, എബിന് ഗോപുരന്‍, യാക്കൂബ് സുല്‍ഫിക്കര്‍ എന്നിവര്‍ ഹാജരായി.