മാപ്രാണം അങ്ങാടിക്കുളത്തിന്റെ നവീകരണത്തില്‍ അപാകമുണ്ടെന്ന് ആക്ഷേപം; കളക്ടര്‍ക്ക് പരാതി നലല്‍കി
മാപ്രാണം: ഇരിങ്ങാലക്കുട നഗരസഭയുടെ കീഴിലുള്ള മാപ്രാണം അങ്ങാടിക്കുളത്തിന്റെ നവീകരണത്തില്‍ അപാകമുണ്ടെന്ന് ആക്ഷേപം. നഗരസഭ അഞ്ചാം വാര്‍ഡില്‍ മാപ്രാണം കപ്പേളയ്ക്ക് സമീപം ഒരേക്കറിലായി വ്യാപിച്ചുകിടക്കുന്ന അങ്ങാടിക്കുളത്തിന്റെ നാലുവശത്തും സംരക്ഷണഭിത്തി കെട്ടുന്ന പ്രവൃത്തികളിലാണ് അപാകമുണ്ടെന്ന് ആരോപണമുയര്‍ന്നിരിക്കുന്നത്. ആറുവര്‍ഷം മുമ്പ് ഫണ്ട് വകയിരുത്തിയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷമാണ് നിര്‍മാണം ആരംഭിച്ചത്. നവീകരണ പ്രവൃത്തികള്‍ പകുതിയിലേറെ പൂര്‍ത്തിയായ സാഹചര്യത്തിലാണ് സമീപവാസി സെബി കള്ളാപറമ്പില്‍ പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചിരിക്കുന്നത്. കുളത്തിന്റെ എല്ലാ ഭാഗങ്ങളും ഒരേ അളവിലല്ലാതെയാണ് നിര്‍മാണം നടത്തിയിരിക്കുന്നതെന്നും, തന്റെ പറമ്പിനോട് ചേര്‍ന്ന ഭാഗത്ത് ഒരു മീറ്ററോളം താഴ്ത്തിയാണ് കരിങ്കല്ല് ഭിത്തി കെട്ടിയിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. കൂടാതെ തന്റെ പറമ്പില്‍നിന്ന് രണ്ടടിയോളം മണ്ണ് എടുത്തതായും സെബി പറയുന്നു. ചിത്രവള്ളി പാടശേഖരത്തിനും സമീപപ്രദേശങ്ങളിലെ കരകൃഷിക്കും ജലലഭ്യത ഉറപ്പുവരുത്താന്‍ മുന്‍ എംഎല്‍എ കെ.യു. അരുണന്റെ ആസ്തിവികസന ഫണ്ടില്‍നിന്ന് 57.75 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നവീകരിക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ കുളത്തിലെ മണ്ണ് ലേലം ചെയ്ത് നീക്കം ചെയ്യുന്നതായി നേരത്തെ നഗരസഭയ്ക്ക് പരാതി നല്‍കിയിരുന്നു. നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് കളക്ടര്‍ക്കും ആര്‍ഡിഒയ്ക്കും തഹസില്‍ദാര്‍ക്കും പരാതി നല്‍കിയതെന്ന് സെബി പറഞ്ഞു. എന്നാല്‍ കുളത്തിന്റെ എല്ലാ വശത്തും ഒരേ അളവിലാണ് കരിങ്കല്ല് കെട്ടിയിരിക്കുന്നതെന്ന് കരാറുകാരന് പറഞ്ഞു. ഒരു വശത്ത് അടിയില്‍ പാറയാണ്. പാറയ്ക്ക് മുകളില്‍ കരിങ്കല്ല് കെട്ടിയതിനാലാണ് അവിടെ മാത്രം ഉയര്‍ന്നതെന്നും കരാറുകാരന് വ്യക്തമാക്കി.