മാലിന്യസംസ്കരണത്തിന് നൂതന ആശയം നിർദ്ദേശിച്ചാൽ എൻ.എസ്എ.സിനു പ്രത്യേക ധനസഹായം നൽകും
ഇരിഞ്ഞാലക്കുട; നാഷണൽ സർവ്വീസ് സ്കീം വോളണ്ടിയർമാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും മാലിന്യ സംസ്കരണത്തിന് സഹായകമായ നൂതനമായ ആശയങ്ങളോ പദ്ധതികളോ മുന്നോട്ടുവയ്ക്കുന്ന വോളണ്ടിയർമാർക്ക് ആവശ്യമായ ധനസഹായം നൽകാൻ സർക്കാർ സന്നദ്ധമാണെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരുടെ സംസ്ഥാനതല സംഗമം സുമാനസം 23 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്റ്റേറ്റ് ഓഫീസർ ഡോ.ആർ.എൻ.അൻസർ അദ്ധ്യക്ഷനായിരുന്നു. റീജിയണൽ കോർഡിനേറ്റർ ജി. ശ്രീധർ മുഖ്യപ്രഭാഷണം നടത്തി. അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തിന് കൈത്താങ്ങാകുന്ന നിരവധി പദ്ധതികൾ എൻ.എസ്.എസ്. ആവിഷ്ക്കരിച്ചിട്ടുണ്ട്. യുവജനങ്ങളുടെ പ്രജ്ഞയെ മയക്കുന്ന ലഹരിക്കെതിരെ ആസാദ് സേന രൂപീകരിച്ചതും ദരിദ്രവിഭാഗത്തിൽ പ്പെട്ടവർക്ക് ആയിരത്തിൽപ്പരം വീടുകൾ പണിപൂർത്തീകരിച്ചതും മികച്ച നേട്ടങ്ങളാണ്. വയോജനപരിപാലനത്തിലും ഭിന്നശേഷിക്കാർ, ട്രാൻസ്ജൻഡറുകൾ ഉൾപ്പടെയുള്ള ജനസമൂഹങ്ങളെ ചേർത്തുപിടിക്കുന്നതിലും എൻ.എസ്.എസ് ന്റെ പ്രവർത്തനം ശ്ലാഘനീയമാണ്. മൽസരാധിഷ്ഠിതമായ പുതിയകാലത്ത് ഡിജിറ്റൽ സാങ്കേതികവിദ്യകൾ സാമൂഹിക ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ യുവാക്കളെ പരിശീപ്പിക്കണമെന്നും മന്ത്രി പറഞ്ഞൂ.സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി സ്വാഗതം പറഞ്ഞു. യോഗത്തിൽ വിവിധ സെല്ലുകളുടെ കോർഡിനേറ്റർമാരായ ഡോ.എൻ.എം.സണ്ണി, ഡോ.സി.ആർ. അജിത്ത് സെൻ, ഡോ.എ.ഷാജി, ഡോ.ഇ.എൻ.ശിവദാസൻ, ഡോ.സോണി ടി.എൽ, ഡോ.നഫീസ ബേബി, ശ്രീ. ജയൻ പി. വിജയൻ, ശ്രീ. ജോയ് വർഗ്ഗീസ്, ഡോ. ജേക്കബ് ജോൺ, ഡോ. പി. രഞ്ജിത്ത്, ഡോ. രഞ്ജിത്ത്, ഡോ.രമ്യ രാമചന്ദ്രൻ, ഡോ. സരിത ടി.പി., ഡോ.ശ്രീരഞ്ജിനി എ.ആർ., ശ്രീ. സി. രതീഷ്, ശ്രീ. ബ്രഹ്മനായകം മഹാദേവൻ, സ്മിത രാമചന്ദ്രൻ, പ്രൊഫ. സിനി വർഗ്ഗീസ് എന്നിവർ സംസാരിച്ചു.