ക്രൈസ്റ്റ് കോളജില്‍ സ്റ്റാര്‍ട്ട് അപ് ക്ലബിന് തുടക്കം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ സ്റ്റാര്‍ട്ട് അപ് ക്ലബിന്റെ ഉദ്ഘാടനം കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി നിര്‍വഹിച്ചു. ആദ്യ സ്റ്റാര്‍ട്ട് അപ് സംരംഭമായി കോളജിലെ രസതന്ത്ര വിഭാഗം വികസിപ്പിച്ചെടുത്ത സോളാര്‍ ഡ്രയര്‍ ഡോ. വി.പി. ജോസഫിനു നല്കി പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് പുറത്തിറക്കി. ഗ്രീന്‍ ഹൗസ് എഫക്ട് സംവിധാനം ഉപയോഗിച്ചാണു ഈ ഉപകരണം പ്രവര്‍ത്തിക്കുന്നത്. സൂര്യപ്രകാശം ഈ ഡ്രയറിനുള്ളില്‍ ഇന്‍ഫ്രാറെഡ് റേഡിയേഷനായി മാറുന്നു. ഗ്ലാസ് തെര്‍മല്‍ ഇന്സുലേഷന് ഉള്ളതിനാല്‍ ഇന്‍ഫ്രാറെഡ് റേഡിയേഷനു പുറത്തുകടക്കാന്‍ സാധിക്കാതെ വരികയും ക്രമേണ ഉള്ളിലെ താപനില ഉയരുകയും ചെയ്യുന്നു. സൂര്യപ്രകാശത്തില്‍ 80 ഡിഗ്രിയോളം ചൂടില്‍ ധാന്യങ്ങള്‍, മാംസം, മറ്റു കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവ ഉണക്കി സൂക്ഷിക്കുവാന്‍ ഈ ഉപകരണം ഉപയോഗിക്കാം. വൈദ്യുതി ഉപയോഗിക്കാതെ ഉത്പന്നങ്ങള്‍ ഉണക്കി സൂക്ഷിക്കുവാന്‍ സാധിക്കുന്നതിനാല്‍ നിരവധി പേര്‍ക്കു ഈ ഉപകരണം പ്രയോജനകരമാകുമെന്നു ഇതിന്റെ നിര്‍മാണത്തിനു ചുക്കാന്‍ പിടിച്ച പ്രഫ. ഡോ. വി.ടി. ജോയ് പറഞ്ഞു.