സുഭിക്ഷ കേരളത്തിനായി സഹകരണ മേഖല സുസജ്ജം: കടകംപിള്ളി സുരേന്ദ്രന്

പുല്ലൂര്‍: സുഭിക്ഷ കേരളം പദ്ധതിയില്‍ സഹകരണ മേഖല അഭിമാനപൂര്‍വം പങ്കാളികളാകുമെന്നു സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന് പറഞ്ഞു. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഊരകം ബ്രാഞ്ച് സമുച്ചയം നാടിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളില്‍ ജനങ്ങള്‍ക്കൊപ്പം കരുണയും കരുതലുമായി സഹകരണ മേഖല ഉണ്ടാകുമെന്നും പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്കു 2100 ല്‍ പരം വീടുകള്‍ നിര്‍മിച്ചു നല്കിയതും ലക്ഷക്കണക്കിനു ആളുകള്‍ക്കു സേവന പെന്ഷന് വീടുകളില്‍ എത്തിച്ചതും സഹകരണ മേഖലയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളങ്ങളാണെന്നു അദ്ദേഹം പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിനു വളരെ മുമ്പു തന്നെ ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയിലൂടെ കാര്‍ഷിക മേഖലയില്‍ പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നടത്തിയ സാര്‍ത്ഥകമായ ഇടപെടല്‍ ഏറെ ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രഫ. കെ.യു. അരുണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. സഹകരണ ഹാളിന്റെ ഉദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. ലോക്കര്‍ സംവിധാനം തൃശൂര്‍ സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ രാജന് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണന്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് തത്തംപിള്ളി, മുരിയാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എം.കെ. കോരുക്കുട്ടി, ബാങ്ക് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരന്, സെക്രട്ടറി സി.എസ്. സപ്ന എന്നിവര്‍ പ്രസംഗിച്ചു.