നൂതന രീതിയില്‍ അധ്യാപകരെ ആദരിച്ച് ക്രൈസ്റ്റിലെ ബിബിഎ വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥികള്‍ വ്യത്യസ്തമായ രീതിയില്‍ തങ്ങളുടെ അധ്യാപകരെ ആദരിച്ചു. മുംബൈയിലെ ഗ്രോ ട്രീസ്. കോം എന്ന പരിസ്ഥിതി സംരക്ഷണ സംഘടനയുമായി ചേര്‍ന്ന് സിക്കിമിലെ പങ്കാലോക്ക വന്യജീവി സങ്കേതത്തിലും തമിഴ്നാട്ടിലെ വില്ലുപുരത്തെ പുണ്യവനങ്ങളിലും വിദ്യാര്‍ഥികള്‍ തങ്ങളുടെ അധ്യാപകരുടെ പേരില്‍ വൃക്ഷതൈകള്‍ നടുന്നതിനു ഓണ്‍ലൈന്‍ ക്രമീകരണം നടത്തുകയും അതിന്റെ രേഖകള്‍ അധ്യാപകദിനത്തില്‍ അധ്യാപകര്ക് കൈമാറുകയും ചെയ്തു. അധ്യാപകര്ക് കൈമാറിയ സര്‍ട്ടിഫിക്കറ്റിലെ സവിശേഷമായ നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈനായി തങ്ങളുടെ പേരിലുള്ള വൃക്ഷത്തിന്റെ ചിത്രവും വിവരങ്ങളും വനവല്കരണ പദ്ധതിയുടെ കാര്യങ്ങളും അധ്യാപകര്ക് മനസിലാക്കാന്‍ സാധിക്കും. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് സിഎംഐ., സെല്‍ഫ് ഫിനാന്‍സിംഗ് പ്രോഗ്രാം ഡയറക്ടര്‍ ഫാ. വില്‍സണ്‍ തറയില്‍ സിഎംഐ, കോര്‍ഡിനേറ്റര്‍ ഡോ. വിവേകാനന്ദന്, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി പ്രഫ. ബേബി ജോണ്‍, അധ്യാപകരായ കല്പ ശിവദാസ്, ഫ്രാന്‍സിസ് ബാസ്റ്റ്യന്‍, മീതു ഹെന്‍ഡ്രി എന്നിവരെ ആണ് വിദ്യാര്‍ഥികള്‍ ഈ സവിശേഷമായ രീതിയില്‍ ആദരിച്ചത്.