ഇരിങ്ങാലക്കുട ബോയ്സ് സ്കൂളില്‍ സാമൂഹ്യവിരുദ്ധശല്യം രൂക്ഷം; ടാപ്പുകള്‍ മുറിച്ചുമാറ്റി, ചെടിച്ചട്ടികള്‍ നശിപ്പിച്ചു
ഇരിങ്ങാലക്കുട: ബോയ്സ് സ്കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. സ്കൂളില്‍ കൈ കഴുകുന്നതിനായി സ്ഥാപിച്ചിരുന്ന സ്റ്റീല്‍ പൈപ്പുകള്‍ അറത്ത്മാറ്റുകയും ചെടിച്ചട്ടികള്‍ തല്ലിപൊട്ടിക്കുകയും ചെയ്ത നിലയിലാണ്. ഓണാവധിക്കഴിഞ്ഞ് സ്കൂളിലെത്തിയ ജീവനക്കാരാണ് പൈപ്പ് അറത്ത്മാറ്റിയതായി കണ്ടത്തെിയത്. സ്കൂളിന് മുന്നിലുള്ള നടപ്പാതയില്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നഗരസഭ പൂചെടികള്‍ സ്ഥാപിച്ചിരുന്നു. സ്കൂളിനായിരുന്നു ഇതിന്റെ പരിപാലന ചുമതല. ഈ ചട്ടികളില്‍ പലതും തല്ലിപൊട്ടിച്ച നിലയിലാണ്. സ്കൂള്‍ കോബൗണ്ടിന് പലഭാഗത്തും ചുറ്റുമതില്‍ ഇല്ലാത്ത സ്ഥിതിയാണ്. ഇതിലൂടെയാണ് ഇത്തരക്കാരുടെ കടന്നുകയറ്റമെന്നാണ് കരുതുന്നത്. ഇത്തരം സാമൂഹ്യ വിരുദ്ധപ്രവര്ത്തികള് അവസാനിപ്പിക്കുന്നതിന് സ്കൂള്‍ ചുറ്റുമതില്‍ കെട്ടി കാമറകള്‍ സ്ഥാപിക്കണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്. പിടിഎയുടെ സഹകരണത്തോടെ ചുറ്റുംകെട്ടി സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് സ്കൂള്‍ അധികൃതര്‍. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്കൂളിനോട് ചേര്‍ന്നുള്ള ഞവരികുളത്തിന്റെ കാടു കയറിയ പ്രദേശം പകലും രാത്രിയിലും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്. മദ്യകുപ്പികളും ലഹരി വസ്തുകളുടെ ഉപയോഗ ശൂന്യമായ കവറുകളും ഈ കുളത്തിനു സമീപത്തു നിന്നും മുമ്പ് പലതവണ കണ്ടെടുത്തിരുന്നു.