ഞങ്ങള്‍ നിഷ്ഠൂരത നേരിട്ട പാവപ്പെട്ട നിക്ഷേപകര്‍ക്കൊപ്പം; സുരേഷ് ഗോപി
കനല്‍ത്തരിയല്ലിത്, തീനാളം;
നോട്ടുനിരോധനം പ്രഖ്യാപിച്ചതു മുതലാണ് കേരളത്തില്‍ സഹകരണ പ്രസ്ഥാനങ്ങളില്‍ പ്രശ്നം തുടങ്ങിയത്.- സുരേഷ് ഗോപി.
കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് സുരേഷ് ഗോപിയുടെ സഹകാരി സംരക്ഷണ പദയാത്ര
ഇരിങ്ങാലക്കുട: നോട്ടുനിരോധനം പ്രഖ്യാപിച്ചതു മുതലാണ് കേരളത്തില്‍ സഹകരണ പ്രസ്ഥാനങ്ങളില്‍ പ്രശ്നം തുടങ്ങിയതെന്ന് സുരേഷ് ഗോപി. പ്രശ്നങ്ങള്‍ ഒത്തുതീര്‍ക്കുന്നതിന് പിണറായിയും സംഘവും അരുണ്‍ ജെയ്റ്റ്ലിയെ കാണാനെത്തിയിരുന്നു. അന്ന് പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ചയാണിവിടെ നടക്കുന്നത്. നിലവിലെ പരിശോധന ഇനി അങ്ങ് കണ്ണൂരിലേക്കും, മാവേലിക്കരയിലേക്കും മലപ്പുറത്തേക്കും വ്യാപിക്കും. ഇതിന്റെ തുടക്കം കുറിച്ചിരിക്കുന്ന തീനാളമാണിത്. അല്ലാതെ, കനല്‍ത്തരിയല്ല. ആ കനല്‍ത്തരി എന്നേ ചാരം പോലുമല്ലാതായിത്തീര്‍ന്നുവെന്നും അദ്ദേഹം പരിഹസിച്ചു. കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് നടത്തിയ സഹകാരി സംരക്ഷണ പദയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടും ആവേശഭരിതനായല്ല താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത്.
മനുഷ്യനാകണം എന്ന ആപ്തവാക്യം ആര്‍ക്കും ഈ ഭാരതമാതാവ് തീറെഴുതിക്കൊടുത്തില്ല. മാനുഷിക പരിഗണന മാത്രമാണ് എന്നെ ഇവിടെ എത്തിച്ചത്. പാവങ്ങളുടെ ചോരപ്പണം തിരികെ കൊടുക്കും വരെ സഹകരണ ബാങ്കുകള്‍ നിലനില്‍ക്കണം. പൂട്ടാന്‍ ഞങ്ങള്‍ സമ്മതിക്കില്ല, ഒരു ശുദ്ധീകരണം നടത്തേണ്ടിയിരിക്കുന്നു. ഞങ്ങള്‍ യുദ്ധത്തിലോ പോര്‍മുഖത്തിലോ ഒന്നുമല്ല, നിഷ്ഠൂരത നേരിട്ട പാവം നിക്ഷേപകര്‍ക്കുവേണ്ടിയാണ് ഈ പദയാത്ര. പാവങ്ങളുടെ കൂടെ നിന്നുകൊണ്ടുള്ള രാഷ്ട്രീയപ്രവര്‍ത്തനമാണിത്.
കരുവന്നൂര്‍ ബാങ്കില്‍ തുടരുന്ന ഇ.ഡി. നടപടികള്‍ സഹകരണപ്രസ്ഥാനങ്ങളെ നശിപ്പിക്കാന്‍ വേണ്ടിയല്ല. തട്ടിപ്പില്‍ മനം നൊന്ത് ആത്മത്യ ചെയ്തവരുടെയും പണം കിട്ടാതെ മരിച്ചവരുടെയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് പദയാത്ര ആരംഭിച്ചത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പദയാത്ര ഉദ്ഘാടനം ചെയ്തു.
രാമനിലയത്തിലേക്ക് വിളിച്ച് കണ്ണനോട് മുഖ്യമന്ത്രി പറഞ്ഞത് തന്നെ ഒറ്റിക്കൊടുക്കരുതേ എന്നാണ്- കെ. സുരേന്ദ്രന്
പണം കവര്‍ന്ന കള്ളന്മാരെ തുറങ്കിലടയ്ക്കാതെ, പാവപ്പെട്ട നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാതെ ബിജെപി പോരാട്ടം അവസാനിപ്പിക്കില്ല: കെ സുരേന്ദ്രന്
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങിലെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് നീതി ലഭിക്കും വരെ ബിജെപി പോരാട്ടം തുടരുമെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. സുരേഷ് ഗോപി നയിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇരകള്‍ വേട്ടക്കാര്‍ക്കെതിരേ നടത്തുന്ന പദയാത്രയാണിതെന്നും ഇതില്‍ രാഷ്ട്രീയമില്ല. സഹകരണ മേഖലയെ സുതാര്യമാക്കാനും ശക്തിപ്പെടുത്താനുമാണ് ഈ പദയാത്ര.
പാവപ്പെട്ടവന്റെ ചോരയും നീരുമാണ് സഹകരണ ബാങ്കിന്റെ അടിത്തറ. അഴിമതിക്കെതിരെ പോരാടുന്നതും പാവപ്പെട്ട സഹകാരികളാണ്. അവര്‍ ആദ്യമായി പരാതി കൊടുത്തത് സിപിഎമ്മിനാണ്. എന്നാല്‍ പാര്‍ട്ടി അവരെ ചതിച്ചു. അന്വേഷണ ഏജന്‍സികളെ സമീപിക്കേണ്ടി വന്നപ്പോള്‍ ബാങ്ക് ജീവനക്കാരെ മാത്രം പ്രതികളാക്കി ഉന്നതരെ രക്ഷിക്കുകയായിരുന്നു സംസ്ഥാന ഏജന്‍സികള്‍ ചെയ്തത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹകരണ ബാങ്കുകള്‍ക്കുള്ള പൊതു സോഫ്റ്റ് വെയര്‍ അംഗീകരിച്ചപ്പോള്‍ കേരളം മാത്രം എതിര്‍ത്തത് സഹകാരികളോടുള്ള വഞ്ചനയാണ്.
പൊതു സോഫ്റ്റ് വെയര്‍ ഉണ്ടായിരുന്നെങ്കില്‍ സഹകാരികള്‍ക്ക് പണം നഷ്ടപ്പെടില്ലായിരുന്നു. എന്നാല്‍ തട്ടിപ്പ് നടത്തിയാല്‍ പിടിവീഴുമെന്ന് മനസിലാക്കിയാണ് സംസ്ഥാന സര്‍കകര്‍ അതിനെ എതിര്‍ത്തത്. നോട്ട്നിരോധനത്തിന്റെ സമയത്ത് ചാക്കില്‍ക്കെട്ടിയാണ് സഹകരണ ബാങ്കില്‍ കോടികളുടെ പണമിടപാട് നടന്നത്. ആ കൊള്ള അന്ന് തടഞ്ഞിരുന്നെങ്കില്‍ ഇന്ന് ഈ ദുരന്തം ഉണ്ടാവുമായിരുന്നില്ല. രാമനിലയത്തിലേക്ക് വിളിച്ച് കണ്ണനോട് മുഖ്യമന്ത്രി പറഞ്ഞത് തന്നെ ഒറ്റിക്കൊടുക്കരുതേ എന്നാണ്.
കരുവന്നൂര്‍ തകര്‍ന്നത് പോലെ കേരള ബാങ്കിനെയും തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രന് പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. കെ അനീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്മാരായ ശോഭാ സുരേന്ദ്രന്, അഡ്വ. ബി.ഗോപാലകൃഷ്ണന്, സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, പാലക്കാട് മേഖലാ പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്, ചലചിത്ര സംവിധായകന് മേജര്‍ രവി, രാധാകൃഷ്ണ മേനോന് എന്നിവര്‍ പങ്കെടുത്തു.