രാജ്യത്തിന്റെ ആത്മാവിനേറ്റ ക്ഷതമാണു മണിപ്പുര്‍ കലാപം: ഗവര്‍ണര്‍ ശ്രീധരന് പിള്ള
ഇരിങ്ങാലക്കുട: മണിപ്പുര്‍ രാജ്യത്തിന്റെ ആത്മാവിനേറ്റ കലാപമെന്നും വൃണിത ഹൃദയങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ഏവരും സന്നദ്ധരായി മുന്നോട്ടു വരണമെന്നും ഗോവ ഗവര്‍ണര്‍ ശ്രീധരന് പിള്ള. ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഡയമണ്ട് മെഗാ എക്സിബിഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളെ വൈരുധ്യമാകാതെ കൊണ്ടുപോകാന്‍ ഇന്ത്യയെന്ന ജനാധിപത്യ മതേതര രാഷ്ട്രത്തിനാകും. പ്രശ്നം എത്രയും വേഗം രമ്യമായി പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. സര്‍ഗശേഷിയെ കണ്ടെത്താനും പരിപോഷിപ്പിക്കാനും വിദ്യാഭ്യാസത്തിലൂടെ കഴിയണമെന്നും പ്രത്യാശയുടേയും പ്രതീക്ഷയുടേയും പുതുനാമ്പുകളാണു തന്റെ മുന്നിലിരിക്കുന്ന പ്രതിഭകളെന്നും ഡോണ്‍ ബോസ്കോയുടെ നാളെയുടെ അംബാസിഡര്‍മാരാണ് നിങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി അധ്യക്ഷത വഹിച്ചു. വിവിധ കര്‍മമണ്ഡലങ്ങളില്‍ പ്രതിഭ തെളിയിച്ച പി.പി. ജെയിംസ്, പി.എസ്. പ്രശാന്ത്, സെബി മാളിയേക്കല്‍ എന്നിവരെ ഗവര്‍ണര്‍ പൊന്നാടയും മെമന്റോ നല്കി ആദരിച്ചു. ഡോണ്‍ ബോസ്കോയുടെ സ്നേഹോപഹാരം റെക്ടര്‍ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍ ഗവര്‍ണര്‍ക്കു സമ്മാനിച്ചു. ജൂബിലി ജനറല്‍ കണ്‍വീനര്‍ പോള്‍ ജോസ് തളിയത്ത്, പി.പി. ജെയിംസ് പുന്നേലിപറമ്പില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
റെക്ടറും മാനേജറുമായ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍ സ്വാഗതവും ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മാത്യു നന്ദിയും പറഞ്ഞു. ഫാ. മനു പീടികയില്‍, ഫാ. ജോസിന് താഴേത്തട്ട്, ഫാ.ജോയ്സണ്‍ മുളവരിക്കല്‍, സിസ്റ്റര്‍ വി.പി. ഓമന, ലൈസ സെബാസ്റ്റ്യന്‍, ടെല്‍സണ്‍ കോട്ടോളി, ശിവപ്രസാദ് ശ്രീധരന്, എബിന് വെള്ളാനിക്കാരന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.